നാടിന്‍റെ നെഞ്ചിലെ നോവിന് ഇപ്പോള്‍ ഒറ്റപ്പേരാണ്, വയനാട്. അവിടെയൊരു മലഞ്ചെരുവില്‍ ഒറ്റരാത്രിയില്‍ അനാഥരായിപ്പോയ ഒരു ജനത. കനത്ത മഴയും ഉരുള്‍പൊട്ടലും ഒരു നാടിനെയും ഒരുപാട് മനുഷ്യരെയും അപ്പാടെ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞു. ആ കാഴ്ച്ച ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നമ്മള്‍ കണ്ടത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് നൂറുകണക്കിനാളുകള്‍. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ നിസ്സംഗരായി അവര്‍ ക്യാംപുകളില്‍ പാര്‍ക്കുന്നു.

പച്ചപ്പട്ടണിഞ്ഞ്, കോട പുതച്ച് കിടന്ന മുണ്ടക്കൈയ്യും ചൂരല്‍മലയും ഇന്ന് അങ്ങനയൊരു ഗ്രാമമുണ്ടായിരുന്നു എന്നതിന്‍റെ അവശേഷിപ്പുകള്‍ മാത്രമാണ്. എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ച ഒരു പറ്റം ജീവനുകള്‍ മാത്രമാണ് ബാക്കി. ലോകത്തിലെ ഏറ്റവും വലിയ നിസ്സഹായരുടെ മുഖമാണിപ്പോള്‍ വയനാട്ടിലെ ഈ ജനതയ്ക്ക്. അക്കൂട്ടത്തില്‍ ഒരാളാണ് മോഹനന്‍. കുടുംബത്തിലെ അഞ്ചുപേരെയാണ് ഉരുള്‍പൊട്ടലില്‍ മോഹനന് നഷ്ടമായത്. ദുരന്തവിവരം വിളിച്ചറിയിച്ച സുഹൃത്തിനെ അടക്കം കുടുംബത്തിലെ അന്‍പതിലേറെ ബന്ധുക്കളെ കാണാതായ ദുഃഖമാണ് ചൂരൽമല പുഞ്ചിരിമട്ടത്തെ ജംഷീറിന് പറയാനുളളത്.

ഉരുൾപൊട്ടുന്നതിനു മണിക്കൂറുകൾക്ക് മുമ്പേ അപകടത്തെ പറ്റി മനോരമ ന്യൂസിലൂടെ മുന്നറിയിപ്പ് തന്ന രാമസ്വാമിയും മണ്ണിനടിയില്‍ എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. കുത്തിയൊലിച്ച് വന്ന മലവെളളപ്പാച്ചില്‍ ചൂരല്‍മലയുടെ ഹീറോയെയും കൊണ്ടുപോയി. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നേരെ രക്ഷാകരം നീട്ടിയ  പ്രജീഷും ഇന്ന് ഈ നാടിന്‍റെ കണ്ണീരോര്‍മ. നാട്ടിൽ ഉരുൾ പൊട്ടിയത് അറിഞ്ഞ് ഓടിയെത്തിയപ്പോൾ ബിജോയ് കണ്ടത് അച്ഛന്‍റെയും ബന്ധുവിന്‍റെയും മൃതദേഹമാണ്. അമ്മയും പെങ്ങളും അടക്കം വീട്ടിലെ ഒന്‍പത് പേരെയാണ് ബിജോയ്ക്ക് നഷ്ടമായത്.

ചെളിയില്‍ പുതഞ്ഞുപോയ വീടിനുള്ളില്‍ ആജീവനാന്ത സമ്പാദ്യംകൂടി നഷ്ടമായതിന്‍റെ ഞെട്ടലിലാണ് വിപിന്‍. അതേസമയം കണ്ണടച്ച് തുറക്കും മുമ്പേ കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഉപ്പയും അനിയനും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരെയാണ് സുഹൈലില്‍ നിന്നും തട്ടിയെടുത്തത്. തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടുകയാണ് സുഹൈല്‍. രണ്ട് മക്കൾ അവരുടെ ബാപ്പമാരെ മണ്ണിൽ തിരയുന്ന കാഴ്ച്ചയും ലോകത്തിന്റെ കണ്ണുകളെ ഈറനണിയിച്ചു.

മകൾക്ക് പനിയായതിനാൽ സ്വന്തം കരവലയത്തിൽ സുരക്ഷിതയാക്കിയാണ് നൗഷീബ മകള്‍ക്കൊപ്പം ഉറങ്ങിയത്. എന്നാൽ മുറുകെ പിടിച്ചിട്ടും മലവെള്ളത്തിനൊപ്പമെത്തിയ മരണം ആ രാത്രി മകളെ കൊണ്ടുപോയി. മകൾക്കൊപ്പം ഉമ്മയും പോയ നൗഷീബയ്ക്ക് നഷ്ടങ്ങളുടെ ആഴം പറയാനാകുന്നില്ല. നാടിനെയും പ്രിയപ്പെട്ടവരെയും ഉരുള്‍ കവര്‍ന്നതറിഞ്ഞ് ഓടിയെത്തിയ പ്രവാസികളും ദുരന്തഭൂമിയിലെ നൊമ്പരക്കാഴ്ച്ചയായി. പത്തുപതിനെട്ട് വര്‍ഷം നീണ്ട പ്രവാസജീവിതം. എല്ലാം നിര്‍ത്തി നാട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് പ്രവാസിയായ അഭിലാഷിനെ തേടി ആ ദുരന്തവാര്‍ത്ത എത്തിയത്.  ജീവനും കയ്യില്‍ പിടിച്ച് നാട്ടിലെത്തിയ അഭിലാഷിന് അച്ചനെയും അമ്മയെയും ഭാര്യയെയും തിരികെ കിട്ടി. എന്നാല്‍ സ്നേഹിച്ചും  ലാളിച്ചും കൊതിതീരാത്ത ഏക മകള്‍  അഹന്യയെ അദ്ദേഹത്തിന് നഷ്ടമായി. മകളെ കാത്ത് രക്ഷാസംഘത്തിനൊപ്പം നിറകണ്ണുകളോടെ നില്‍ക്കുന്ന ആ പിതാവും ദുരന്തമുഖത്തെ നോവുംകാഴ്ച.

വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് വന്ന മറ്റൊരു പ്രവാസി സാഹിറിനും ഇപ്പോള്‍ ബാക്കിയുളളത് ദുരന്തത്തിൻ്റെ നീറുന്ന ഓർമ്മ മാത്രം. അതേസമയം, മുണ്ടക്കൈ ദുരന്തഭൂമിയിലെ ഉള്ളലയ്ക്കുന്ന കാഴ്ചയായി നൗഫല്‍.  പ്രവാസിയായ നൗഫലിന്റെ ജീവിതം തച്ചുടച്ചാണ് ഉരുള്‍പൊട്ടിയെത്തിയ ജലപ്രവാഹം കടന്നു പോയത്. മാതാപിതാക്കളും, മൂന്ന് മക്കളും, ഭാര്യയും, സഹോദരങ്ങളുമടക്കം കുടുംബത്തിലെ 11 പേരേയും നൗഫലിന് നഷ്ടമായി. മുണ്ടക്കൈയിലെ മണ്‍കൂനയില്‍ വിങ്ങലോടെയിരിക്കുന്ന നൗഫലിനെ ആശ്വസിപ്പിക്കാനുള്ള സൗഹൃത്തുക്കളുടെ ശ്രമവും സങ്കടക്കാഴ്ചയായി.

മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്കാകട്ടെ, അതോര്‍ത്ത് ആശ്വസിക്കാനും കഴിയാത്ത സാഹചര്യം. കണ്ണടച്ചാല്‍ കാണുന്നത് ആര്‍ത്തുലച്ച് വരുന്ന മലവെളളപ്പാച്ചിലും ഉറ്റവരുടെ കൂട്ടനിലവിളിയുമാണ്. പ്രതീക്ഷകളെല്ലാം അസ്തമിച്ച് ഉറ്റവരില്ലാത്ത വേദനയിൽ നീറുന്ന കുറേ ജീവിതങ്ങള്‍ ദുരിതാശ്വാസക്യാംപിലെ തീരാനോവാകുന്നു. 400ലധികം പേരുടെ ജീവന്‍ ഉരുള്‍പൊട്ടലില്‍ നഷ്ടമായപ്പോള്‍ അതിസാഹസികമായി മഹാദുരന്തത്തെ അതിജീവിച്ചവരുമുണ്ട്. ഒപ്പമുളളവര്‍ക്ക് പുതുജീവന്‍ പകര്‍ന്നവരും ഏറെ. അഞ്ചുമാസം ഗർഭിണിയായ ചൂരൽമലയിലെ സഫിയക്ക്,  2 മക്കളെയും കൈയ്യിൽ പിടിച്ച് കുന്നിൻ മുകളിൽ  ഓടി കയറിയതു കൊണ്ടു മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത്. മരണം മുന്നില്‍ കണ്ട സഫിയയ്ക്കും പറയാനുണ്ട് അതിജീവനത്തിന്‍റെ കഥ.

കൺവെട്ടത് സർവവും ഒലിച്ചു പോയ ആ രാത്രിയിൽ രോഗിയായ അമ്മയെ ചേർത്ത് പിടിച്ചു സുദർശനൻ പറഞ്ഞു, അമ്മേ, നമ്മൾ മരിച്ചു പോകും. മഹാദുരന്തത്തെ അതിജീവിച്ച സുദര്‍ശനനും പങ്കുവയ്ക്കാനുളളത് ഭീതിയുടെ ഓര്‍മകളാണ്. കഴുത്തറ്റം മുങ്ങിയ ചളി വെള്ളത്തിൽ നിന്നാണ് ചൂരൽ മല സ്വദേശി മൊയ്തു കുടുംബത്തെയും കൊണ്ട് രക്ഷപ്പെട്ടത്. മകളോട് തോളിൽ മുറുകെ പിടിക്കാൻ പറഞ്ഞു. എട്ട് മാസം മാത്രം പ്രായമായ പേരക്കുട്ടിയെ കൈകളിൽ ഉയർത്തിപ്പിടിച്ചു. ബൈപാസ് സർജറി കഴിഞ്ഞ വയോധികൻ അങ്ങനെ ചെളിക്കടൽ നീന്തി കയറി.

മലവെള്ളത്തിനൊപ്പം ഒലിച്ചുപോയി ഒടുവിൽ ഒരു കിണർ കമ്പിയിൽ തൂങ്ങിപ്പിടിച്ച് ജീവൻ രക്ഷപ്പെട്ട ആറു വയസ്സുകാരന്‍ ഹയാനും പറയാനുണ്ട് അതിജീവനത്തിന്‍റെ കഥ. ഒപ്പം  40  ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വെള്ളത്തിൽ നിന്ന് നീന്തിക്കയറിയ ഹായന്റെ ഉമ്മയും കൈയ്​വിട്ട് പോകേണ്ടിയിരുന്ന 2 ജീവനുകളാണ് തിരികെ പിടിച്ചത്. ഉരുൾപൊട്ടി ഒഴുകിയെത്തിയപ്പോൾ സ്വയം രക്ഷാപ്രവർത്തകരായി മാറിയ  നിരവധി പേരുണ്ട് ചൂരൽ മലയിലും മുണ്ടക്കൈയിലും. അവരിൽ പലരും ഇന്നില്ല.  അങ്ങനെ അപകടത്തിൽ തുണയായ നീതുവിനെ നഷ്ടപ്പെട്ട വേദനയിൽ ആണ് വാസുവേട്ടനും കുടുംബവും.

ഉറങ്ങിക്കിടന്നൊരു രാത്രിയില്‍, ക്ഷണിക്കാതെയെത്തിയ അതിഥി മുണ്ടക്കൈ ചൂരല്‍മല നിവാസികള്‍ക്ക് സമ്മാനിച്ചത് ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന ഓര്‍മ്മകളാണ്. നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കാം. വീടും സ്വത്തും പണവും. എല്ലാം. എന്നാല്‍ ഉരുള്‍ കവര്‍ന്ന ജീവിതങ്ങളോ....?ഇനി വേണ്ടത് അതിജീവനമാണ്. നഷ്ടപ്പെട്ടുപോയതിനേക്കാള്‍ നല്ല ജീവിതം അവര്‍ക്കു നല്‍കണം. അവരുടെ മുഖങ്ങളില്‍ മാഞ്ഞുപോയ കളിചിരികള്‍ തിരികെ കൊണ്ടുവരാന്‍ നമുക്ക് പറ്റണം. അപ്പോഴേ നമ്മുടെ ഭറണകൂടങ്ങള്‍, നല്ല ഭറണകൂടങ്ങളാകൂ. അപ്പോഴേ നമ്മള്‍ നല്ല മനുഷ്യരാകൂ.  

ENGLISH SUMMARY:

Wayanad landslide; Survivors Recount Horrors Of Deadly Landslides In Wayanad