ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളൊരാള്‍, തന്റെ ജീവിതസാഹചര്യങ്ങള്‍ കൊണ്ടെഴുതിയ കുറിപ്പുകള്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പുസ്തകമാകുന്നു. പിന്നാലെ ബിരുദ – ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠനവിഷയവും. തിരുവനന്തപുരം ചെങ്കൽചൂളയിലെ ഹരിതകർമ്മ സേനാംഗമായ ധനൂജ കുമാരി എഴുതിയ 'ചെങ്കൽചൂളയിലെ എന്റെ ജീവിതകഥ' എന്ന പുസ്തകമാണ് ഇപ്പോൾ കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റ് സർവകലാശാലയിൽ എംഎയ്ക്കും പാഠപുസ്തകമാക്കിയത്.
ചെങ്കല്‍ ചൂളയില്‍ ജനിച്ചു വളര്‍ന്നവള്‍. ചെങ്കല്‍ചൂളയെക്കുറിച്ച് പുസ്തകമെഴുതിയവള്‍, പതിനൊന്നു വർഷങ്ങൾക്ക് ഇപ്പുറം തന്റെ ജീവിത കഥ പാഠ പുസ്തകമാകുമ്പോൾ ഒരിക്കൽ അവസാനിപ്പിക്കാൻ തുനിഞ്ഞ ജീവിതത്തിന് അർത്ഥമുണ്ടായെന്ന് ധനൂജ. അഞ്ചു വർഷം മുൻപ് പെറ്റി കേസ് ചുമത്തി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയ ധനൂജയുടെ ഭർത്താവ് സതീഷിനെ അന്ന് പൊലീസ് അർധ വിവസ്ത്രനാക്കി മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തി. ചെങ്കല്‍ചൂളക്കാരെല്ലാം ക്രിമിനലുകള്‍ ആണെന്ന് പൊലീസ് ആവർത്തിച്ചു. ജാതീയമായും ശാരീരികമായും അപമാനിച്ചു. അങ്ങനെയാണ് ധനൂജ പോരാടാൻ ഉറച്ച് ഇറങ്ങുന്നത്. ഒറ്റക്കാണെങ്കിലും പൊരുതും എന്ന ഉറച്ച തീരുമാനത്തോടെ.
ധനൂജയുടെ ജീവിതം പോരാട്ടത്തിനപ്പുറം ഒരു അതിജീവന നേർ ചിത്രമാണ്. ആ ചിത്രം മായ്ക്കപ്പെടേണ്ടതല്ല എന്ന് തീരുമാനിച്ചതും ഈ വീട്ടമ്മയാണ്. ചിലൽപ്പോഴൊക്കെ ചില സംഭവങ്ങൾ ഒരു നിമിത്തമായി മാറും. ഒന്നുമല്ലാതെ ഒരു വഴിയോരം ചേർന്ന് നടന്നവൾ... വീട്ടിലെ പുകയടിപ്പിന് അപ്പുറം ഒരു ലോകമുണ്ടെന്ന് ധനൂജയോട് വിളിച്ച് പറഞ്ഞതും സ്വന്തം അനുഭവങ്ങളാണ്.