റെഡ് എന്കൗണ്ടേഴ്സ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് ആദ്യമായി കാഫിര് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് അത് തീപ്പൊരി പോലെ സമൂഹമാധ്യമങ്ങളില് പടര്ന്നു. റെഡ് എന്കൗണ്ടേഴ്സില് നിന്ന് തന്നെയാണ് മറ്റു വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്കും സമൂഹമാധ്യമ അക്കൗണ്ടുകളിലേക്കും കാഫിര് സ്ക്രീന് ഷോട്ട് പറന്നെത്തിയത്.
റെഡ് എന്കൗണ്ടേഴ്സില് പോസ്റ്റ് ചെയ്യാനായി ആരാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് ഈ സ്ക്രീന് ഷോട്ട് നല്കിയത് എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കണ്ടത്തേണ്ടത്. എന്നാല് ആ ചോദ്യത്തിന് മുന്നില് മൗനമാണ് റിബേഷിന്റെ ഉത്തരം.
അപ്പോൾ ബോധപൂർവം ഇത് പ്രചരിപ്പിച്ചതിന് പിന്നിലുള്ള ബുദ്ധികേന്ദ്രം ആരാണ് എന്നാണ് ചോദ്യം. 'ഇക്കാര്യത്തില് ഡിവൈഎഫ്ഐ നേതൃത്വം പറഞ്ഞതേ തനിക്കും പറയാനുള്ളൂ. അപവാദപ്രചാരണം നടത്തുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കും' - ഇത്രേയുള്ളൂ റിബേഷിന്റെ പ്രതികരണം.
താങ്കള് ഗ്രൂപ്പില് കാഫിര് സക്രീന്ഷോട്ട് പോസ്റ്റ് ചെയ്തോ എന്ന നേരിട്ടുള്ള ചോദ്യത്തോട് പോലും മൗനമായിരുന്നു റിബേഷിന്റെ മറുപടി. സ്ക്രീന് ഷോട്ട് എവിടെ നിന്നാണ് കിട്ടിയതെന്ന് റിബേഷ് വെളിപ്പെടുത്താത്തതിനാൽ ഫോണ് പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നാണ് പൊലീസ് റിപ്പോർട്ട്.
സ്ക്രീന് ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില് ആദ്യമായി പോസ്റ്റ് ചെയ്തത് റിബേഷാണെന്ന ആരോപണവുമായി കേസില് പ്രതി ചേര്ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമാണ് ആദ്യം രംഗത്തെത്തിയത്. ആറങ്ങോട്ട് എംഎല്പി സ്കൂള് അധ്യാപകനായ റിബേഷിനെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫാണ് അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് റിപ്പോർട്ടിലുണ്ട്. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് റിബേഷിന്റെ പേരുള്ളത്.