ഗാന്ധിജിയെക്കുറിച്ചുള്ള ഒരു കുരുന്നിന്‍റെ സംശയവും അതിന് മറുപടി നല്‍കുന്ന ടീച്ചറും തമ്മിലുള്ള സംഭാഷണത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാകുകയാണ്. സ്വാതന്ത്ര്യദിനാഘോഷദിനത്തില്‍ ഈ വിഡിയോ പങ്കുവച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമെത്തി.
ഗാന്ധിജി എന്താണ് കുപ്പായം ഇടാത്തത് എന്നായിരുന്നു കുഞ്ഞ് ഐഷക്കുട്ടിയുടെ സംശയം. കുരുന്നിന്‍റെ ചോദ്യവും അതിന് ടീച്ചര്‍ നല്‍കിയ മറുപടിയും ഹൃദ്യമായിരുന്നു. ഇതോടെ വിഡിയോ സമൂഹമാധ്യമത്തിലും വൈറല്‍.
‘ടീച്ചറെ, ഗാന്ധിജി എന്താ കുപ്പായം ഇടാത്തേ? ചൂടെടുത്തിട്ടാ?’ എന്നാണ് ഐഷക്കുട്ടി ടീച്ചറോട് ചോദിക്കുന്നത്. ‘ഗാന്ധിജി കുപ്പായം ഇടാത്തത്, നമ്മുടെ ഇന്ത്യയില്‍ ഒരുപാട് ആളുകള്‍ക്ക് അന്നേരം കുപ്പായം ഇല്ലായിരുന്നേ. അന്നേരം ഗാന്ധിജി പറഞ്ഞു, എല്ലാവര്‍ക്കും കുപ്പായം ഇല്ലെങ്കില്‍ ഞാനും കുപ്പായം ഇടുന്നില്ലാന്ന്. ചൂടെടുത്തിട്ടല്ലാട്ടോ’ എന്നാണ് ടീച്ചറുടെ മറുപടി.
‘ചോദ്യം സ്വാഭാവികം.... കാരണം കുഞ്ഞാണല്ലോ. ഉത്തരമാണ് അതിമനോഹരം, കുട്ടിക്ക് മനസിലാവുന്ന മനസിലേക്ക് ഇറങ്ങുന്ന ഉത്തരം.... ടീച്ചറാണവര്‍....’ എന്നാണ് ഒരാള്‍ ഈ വിഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. ‘നിഷ്കളങ്കമായ ചോദ്യം, അതിലും മനോഹരമായ ഉത്തരം’ എന്നാണ് പലരുടെയും കമന്‍റ്.