TOPICS COVERED

മരണം രംഗബോധമില്ലാത്ത കോമാളി എന്നാണ് അറിയപ്പെടുന്നത്. സുഖത്തിന്റെയും സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും പാരമ്യത്തിൽ നിൽക്കുന്ന മനുഷ്യരുടെ ജീവിതത്തിലേയ്ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ കടന്നു വന്ന് എല്ലാം തകർത്തു കളയുന്ന മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് പലപ്പോഴും നമ്മള്‍ ചിന്തിക്കും. ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുന്ന ഒരു കുറിപ്പുണ്ട് ഇന്നലെ ശ്രീകൃഷ്ണ ജയന്തിക്ക് ആദരം ലഭിച്ച ബിനു കണ്ടത്തില്‍ എന്ന വ്യക്തി ഇന്ന് രാവിലെയായപ്പോള്‍ മരണപ്പെട്ടു, ഇന്നലെ ആദരം ഇന്ന് ആദരാഞ്ജലികൾ എന്ന് എഴുതേണ്ടി വന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.  മുരിക്കുംപുഴ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു ബിനുവിനെ ആദരിച്ചത്. 

കുറിപ്പ്

ഇന്നലെ ആദരം ഇന്ന് ആദരാഞ്ജലികൾ

പാലാ നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രയും അവസാനിക്കുന്നത് മുരിക്കുംപുഴ ക്ഷേത്രത്തിലാണ്. അവിടെ എത്തുന്ന നൂറ് കണക്കിന് ബാലിക ബാലന്മാർക്കും അതിൽ ഏറെ വരുന്ന ഭക്തജനങ്ങൾക്കും ആഘോഷ സമിതി വിതരണം ചെയ്യുന്നത് ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പാൽപായസം തന്നെയാണ്.

വർഷങ്ങളായി ഇവിടെ  വിതരണം ചെയ്യുന്ന രുചി സമൃദ്ധമായ പാൽ പായസം ഉണ്ടാക്കി നൽകുന്നത്  മണി ചേട്ടൻ മോന്തക്കരയും, ബിനു കണ്ടത്തിലും ആണ്. 

ഇരുവരെയും ഇന്നലെ മുരിക്കുംപുഴ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു. എന്നാൽ രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്നപ്പോൾ പ്രിയ സഹോദരൻ ബിനു ഇന്ന് നമ്മെ എല്ലാവരെയും വിട്ടുപിരിഞ്ഞു .

പ്രിയ സഹോദരന് ആദരാഞ്ജലികൾ.