മലയാളിയുടെ മനസ്സിൽ ചിരപ്രതിഷഠ നേടിയ ' ഉണ്ണികളെ ഒരു കഥ പറയാം ' എന്ന ചിത്രത്തിന്‍റെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും അപൂർവ സംഗമം. മനോരമ ഓൺലൈനിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന സംഗമത്തിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ പ്രദർശനം നടന്നപ്പോൾ കാഴ്ചക്കാരായി എത്തിയത് ശിശു ക്ഷേമ സമിതിയിലെ കുഞ്ഞു മക്കൾ. സിനിമയ്ക്കൊടുവിൽ അവർക്ക് മുന്നിലേക്ക് ഒരു അപൂർവ അതിഥി രംഗ പ്രവേശനം ചെയ്തു.
ജീവനോളം സ്നേഹിച്ച കുഞ്ഞുമക്കളെയും, ഹൃദയം കൈമാറിയ ആനിയെയും വേർപിരിഞ്ഞു എബി എബ്രഹാം നിത്യതയിലേക്ക് കണ്ണടച്ചപ്പോൾ യഥാർത്ഥ ജീവിതത്തിൽ അനാഥരായിപ്പോയ ഈ കുഞ്ഞു മക്കളുടെ കണ്ണുകൾ നിറഞ്ഞ് പോയിട്ടുണ്ടാകാം. അവർക്ക് മുന്നിലേക്കാണ് എബി എബ്രഹാമിനെ അനശ്വരമക്കിയ മഹാനടൻ ആ പാട്ടും പാടി രംഗ പ്രവേശം ചെയ്തത്.
സിനിമയിലെ എബിയെ പോലെ വത്സല്യത്തിന്‍റെ നിറ ചിരിയുമായി പ്രിയപ്പെട്ട ലാൽ അങ്കിൾ കുഞ്ഞുങ്ങളുടെ ഇടയിലേക്ക്. സിനിമയിലെ ഉണ്ണികളെ മുതിർന്ന് കണ്ടപ്പോൾ എബിയെ പൊലെ ചേർത്ത് പിടിച്ചു. അവരുടെ വിശേഷങ്ങൾ കേട്ട് അഹ്ലാദ ഭരിതനായി. സിനിമയിൽ ആനിയായി വേഷമിട്ട നടി കാർത്തിക, സംവിധായകൻ കമൽ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിയവരും സംഗമത്തിൽ ഓർമകൾ പങ്കുവെച്ചു.