കൈവിട്ടുപോയ ജീവിതവും ഓര്‍മയും തിരികെപ്പിടിച്ച് എഴുത്തിന്‍റെ ലോകത്തേക്ക് മടങ്ങിയെത്തി എം.വി ബെന്നി. 10 വർഷത്തെ ഇടവേളയ്‌ക്കുശേഷം ബെന്നി തയാറാക്കിയ പുസ്തകം 8ന് പ്രകാശനം ചെയ്യും. 2014മെയ് 19ന് നടന്ന വാഹനാപകടത്തില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ബെന്നി 37 ദിവസമാണ് ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നത്.
ഓർമ കിട്ടില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ച് പറഞ്ഞതെങ്കിലും വർഷങ്ങൾ കഴിഞ്ഞപ്പോൾ, ബെന്നി ജീവിതത്തിലേക്ക് ചുവടുവച്ചു. ഇതിനിടെ, മറന്ന അക്ഷരങ്ങൾ വീണ്ടും എഴുതിയെഴുതിയും വായിച്ചു വായിച്ചും പഠിച്ചു. അപ്പോഴും കാഴ്ചാപ്രശ്‌നങ്ങളുണ്ടായി. അങ്ങനെ ഏറെ ബുദ്ധിമുട്ടുകൾ താണ്ടി തയ്യാറാക്കിയ "ദിനവൃത്താന്തം' എന്ന പുസ്തകം വെളിച്ചം കാണുകയാണ്. ഒരുയിർപ്പു പോലെ. ചടങ്ങ് പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. പുസ്തകം വിജയലക്ഷ്മി പ്രകാശിപ്പിക്കും. എ കെ സന്തോഷ് പുസ്തകം ഏറ്റുവാങ്ങും.