34 വർഷമായി സൈക്കിളിൽ യാത്രചെയ്യുന്ന ഒരധ്യാപകനുണ്ട് കാസർകോട്. കാസർകോട് ടൗൺ ഗവ. യുപി സ്കൂളിലെ ഹിന്ദി അധ്യാപകൻ സുനിൽകുമാർ. യന്ത്രയുഗത്തിലും പ്രകൃതിയെ മലിനമാക്കില്ല എന്ന ആഗ്രഹത്തോടെയും മനോഭാവത്തോടെയുമാണ് ഈ യാത്ര. കാണാം സുനിൽ മാഷിന്റെ വിശേഷങ്ങൾ.
സമയം രാവിലെ 8 മണി. സുനിൽ മാഷിന്‍റെ തുണിസഞ്ചിയിൽ പുസ്തകങ്ങൾ റെഡി. മാഷിന്റെ സ്വന്തം വണ്ടിയും റെഡി. 34 വർഷമായി സൈക്കിളാണ് മാഷിന്റെ വാഹനം. യാത്രകളിലെ സന്തതസഹചാരി. 1990ൽ ആലങ്ങാട് സ്കൂളിൽ അധ്യാപകനായപ്പോൾ തുടങ്ങിയതാണ് സൈക്കിളിലുള്ള യാത്ര. ഇക്കാലയളവിൽ പല സ്കൂളുകൾ, പല നാടുകൾ. സൈക്കിൾ മാത്രം ഒഴിവാക്കിയില്ല. ദൂരമെത്രയായാലും പ്രശ്‌നമില്ല. പറഞ്ഞതിന് പത്ത് മിനിട്ട് മുമ്പെങ്കിലും സുനിൽ മാഷ് സ്ഥലത്ത് എത്തിയിരിക്കും. നേരം വൈകിയതിന്റെ പേരിൽ പഴി കേട്ടിട്ടില്ല.
സൈക്കിൾ യാത്രയെ കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ദീർഘ ദൂരയാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കാനാവില്ലെന്ന് പലരും വാദിച്ചു. എന്നാൽ തന്‍റെ യാത്രകൾ കൊണ്ട് ഈ വാദത്തെ മാഷ് തോൽപ്പിച്ചു. തന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ പ്രേംചന്ദിന്‍റെ നാടായ വാരാണസിയിലേക്ക് സൈക്കിളിലൊരു യാത്ര. ആ സ്വപ്ന യാത്രയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഈ സൈക്കിൾ മാഷ്