mammooty-help

“ജന്മദിനാശംസകൾ മമ്മൂക്കാ.... എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു..” ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് പാലക്കാട്ടെ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7 മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുമ്പോള്‍ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരിയെ മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി, എറണാകുളം രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.

വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് മഞ്ജിമ. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഹൃദയത്തിലെ തകരാറ് കണ്ടെത്തിയത്. തുടർന്ന് ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിലെ അറകളെ വേര്‍തിരിക്കുന്ന ഭിത്തിയിലെ ദ്വാരത്തിന് 3 സെന്റീമീറ്റർ വ്യാസമുണ്ടായിരുന്നു. അടിയന്തിര  ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന മഞ്ജിമയുടെ പിതാവ് തോമസിന് ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തുക വലിയ വെല്ലുവിളിയായിരുന്നു. ഇക്കാര്യം അറിഞ്ഞ ജോൺ ബ്രിട്ടാസ് എംപിയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷനെ സമീപിക്കാൻ നിർദ്ദേശിച്ചത്. ഫൗണ്ടേഷന്റെ ‘ഹൃദ്യം’ പദ്ധതിയിൽ മഞ്ജിമയെ ഉൾപ്പെടുത്താൻ മമ്മൂട്ടി നിർദ്ദേശം നൽകിയതോടെ ശസ്ത്രക്രിയക്കുളള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതി വഴി സൗജന്യമായി ചെയ്തത്. 2022 മേയിൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ അമ്പതോളം ശസ്ത്രക്രിയകൾ പൂർത്തിയാക്കിയെന്ന് കെയർ ആൻഡ് ഷെയർ ഭാരവാഹികൾ പറഞ്ഞു.