മുണ്ടക്കെ സ്കൂളിലെ പുനർ പ്രവേശനോൽസവത്തിനെത്തിയ മന്ത്രിയപ്പൂപ്പന് മുന്നിൽ കുട്ടികൾ ഒരൊറ്റ കാര്യം ആവശ്യപ്പെട്ടു. സ്ഥലം മാറിപ്പോയ തങ്ങളുടെ പ്രിയപ്പെട്ട ശാലിനി ടീച്ചറെ തിരികെ തരണമെന്ന്. ഉടൻ ഇടപ്പെട്ട മന്ത്രി ശിവൻ കുട്ടി ആ വാക്ക് പാലിച്ചു. ദുരിതത്തെ തോൽപ്പിച്ച കുഞ്ഞുങ്ങൾക്ക് അവരുടെ ടീച്ചറെ നൽകി. നിറകണ്ണുകളോടെ ശാലിനി ടീച്ചർ ഇന്നലെ സ്കൂളിലെത്തി, മനസ്സ് നിറക്കുന്ന ആ റിപ്പോർട്ട് കാണാം.
ഈ സൈക്കിളോടിക്കുന്നതാണ് ശാലിനി ടീച്ചർ. മുണ്ടകൈ എൽ പി സ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക. കുട്ടികളുടെ യൂണിഫോമു പോലെ വസ്ത്രം ധരിച്ചും, ചിരിച്ചും കൂട്ടുകാരെ പോലെയായിരുന്നു അധ്യാപനം തന്നെ. ഉരുൾപൊട്ടൽ ദുരന്തത്തിനു രണ്ടാഴ്ച മുമ്പ് ടീച്ചർക്ക് മീനങ്ങാടിയിലെ സ്കൂളിലേക്ക് സ്ഥലം മാറ്റമായി. ദുരന്തത്തിനും മുന്നേ കുട്ടികൾ കരഞ്ഞത് ആ ദിവസമായിരുന്നു.. മേപ്പാടിയിൽ പുനർപ്രവേശനോൽസവത്തിനെത്തിയ മന്ത്രിയോട് കുട്ടികൾ ശാലിനി ടീച്ചറെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു. അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം അതായിരിക്കും എന്ന് മനസ്സിലാക്കിയ മന്ത്രി റെക്കോർഡ് വേഗത്തിൽ നടപടിയെടുത്തു. ഇന്നലെ വൈകീട്ടോടെ ടീച്ചർ വീണ്ടും സ്കൂളിലെത്തി
വൈകാരികമായിരുന്നു നിമിഷങ്ങൾ. ഓടിയെത്തി എല്ലാവരും, കുറേ കെട്ടിപിടിച്ചു, തോളത്ത് കയറി, ചിലർ ചുംബിച്ചു. മഹാ ദുരന്തത്തെ അതിജീവിച്ച കുഞ്ഞു മുഖങ്ങൾ ഒരുപാട് സന്തോഷിച്ചു.. കുട്ടികൾക്ക് ഏറ്റവും കൂടുതൽ അനിവാര്യമായ സമയത്ത് ഒപ്പം നിൽക്കാൻ പറ്റി ടീച്ചർക്ക്. നിറക്കണ്ണുകളോടെ, വാക്കുകൾ മുറിഞ്ഞ് ടീച്ചർ കുറേ പേർക്ക് നന്ദി പറഞ്ഞു. അന്ന് ആ സൈക്കിളിലിരുന്ന രണ്ടു പേരടക്കം സ്കൂളിലെ 11 പേരേ ടീച്ചർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു വേള പോലും വേദനിക്കാതെ കുട്ടികളെ കരുത്തരാക്കിയെടുക്കുമെന്ന് ടീച്ചർ അതിജീവനത്തിലേക്കുള്ള പ്രയാണത്തിൽ കുട്ടികൾക്കൊപ്പം ഇനി ശാലിനി ടീച്ചറുമുണ്ടാകും. മഹാ ദുരന്തത്തെ പരാജയപ്പെടുത്തിയ പോലെ അതുണ്ടാക്കിയ നോവിനെയും അവരോരുമിച്ചു പരാജയപ്പെടുത്തും.