ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ അയയ്ക്കുന്ന കാര്യം പുന:പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പലരും വിളിച്ച് പറഞ്ഞത് ചാനൽ ചർച്ചയ്ക്ക് സിപിഎമ്മിൽ നിന്ന് ആരെയും അയക്കാതിരിക്കുന്നതാണ് നല്ലതെന്നാണ്. മാധ്യമങ്ങൾ എന്തെങ്കിലും പറഞ്ഞ് തൊലഞ്ഞോട്ടേയെന്നാണ് പലരും തന്നോട് അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

'വൈകിട്ട് ടിവി ചാനലുകാർ ഒരു അഞ്ച് പേരെ ചർച്ചയ്ക്ക് വിളിക്കും. അതിലൊരാളായി സിപിഎമ്മുകാരെയും വിളിക്കും. എന്നിട്ട് ആ നാല് പേർ കൂടി ചേർന്ന് നമുക്കെതിരെ തിരിയും. എന്ത് രീതിയാണിത്. മാധ്യമങ്ങൾ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, നമ്മൾ ആ ചർച്ചയിൽ വരേണ്ടതുണ്ടോ എന്ന് ആലോചിക്കും എന്ന് ഞാൻ പത്രസമ്മേളനത്തിൽ പറഞ്ഞുവെച്ചപ്പോൾ പലരും എന്നെ വിളിക്കുകയുണ്ടായി. സഖാവേ ചാനൽ ചർച്ചയ്ക്ക് ആരെയും അയക്കരുത്, മാധ്യമങ്ങൾ എന്തെങ്കിലും ചെയ്ത് തൊലഞ്ഞോട്ടേ എന്നാണ് പറഞ്ഞത്'. - എംവി ​ഗോവിന്ദൻ പറഞ്ഞു. 

മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ ആര്‍.എസ്.എസ് ബന്ധത്തെ പരിഹസിച്ചും യു.ഡി.എഫിനെ കൊട്ടിയും പിണറായി വിജയന്‍ നിയമസഭയില്‍ കത്തിക്കയറിയിട്ട് അധികനാളായില്ല. ഇപ്പോള്‍‍ അദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ രണ്ട് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാകുമ്പോള്‍ മൗനംകൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് അതേ മുഖ്യമന്ത്രി. ആരോപണങ്ങളില്‍ അന്വേഷണം കഴിയും വരെ അജിത്കുമാറിനെ മാറ്റണമെന്ന ഡി.ജി.പിയുടെ ആവശ്യംപോലും തള്ളിയുള്ള സംരക്ഷണം മുഖ്യമന്ത്രി തുടരുന്ന പശ്ചാത്തലത്തിൽ ചാനൽ ചർച്ചകളിൽ പാർട്ടിയെ പ്രതിരോധിക്കാനാവാകെ ബുദ്ധിമുട്ടുകയാണ് സിപിഎം പ്രതിനിധികൾ. 

ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെ സ്വകാര്യ കൂടിക്കാഴ്ചയെന്ന് ന്യായീകരിച്ച് സംരക്ഷിച്ചാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നാണ് സി.പി.എം വിലയിരുത്തല്‍. അതിനാല്‍ എ.ഡി.ജി.പിയുടെ സന്ദര്‍ശനം സി.പി.എമ്മിന്റെ വിഷയമല്ലെന്ന് പ്രതിരോധിക്കുന്ന പാര്‍ട്ടി സെക്രട്ടറി നടപടിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിലേക്ക് ചാരി അതൃപ്തി പറയാതെ പറയുകയാണ്. 

ENGLISH SUMMARY:

MV Govindan to Reconsider Sending CPM Representatives for Channel Discussions