വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നു, ആ കാഴ്ച ടി.വിയില്‍ കണ്ട പലരും ശ്രദ്ധിച്ചത് മറ്റൊരാളേക്കൂടിയാണ്. പ്രധാനമന്ത്രിക്ക് ദുരന്തവ്യാപ്തിയും സാഹചര്യങ്ങളും വിശദീകരിക്കുന്ന പൊലീസ് ഓഫീസര്‍ എം.ആര്‍.അജിത്കുമാറിനെ. ചീഫ് സെക്രട്ടറിയോ ജില്ല കലക്ടറോ കാര്യങ്ങള്‍ വിശദീകരിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചീഫ് സെക്രട്ടറി തന്നെ കൂടെയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ആ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. അതിന് കാരണം എ.ഡി.ജി.പിയുടെ വിദ്യാഭ്യാസയോഗ്യതയേക്കുറിച്ച് അദേഹത്തിനുള്ള അറിവാണ്. എം.എസ്.സി ജിയോളജിയില്‍ റാങ്കോട് കൂടി പാസായതാണ് അജിത്കുമാര്‍. പൊലീസ് വിഷയങ്ങള്‍ക്ക് അപ്പുറം ഭൂമിയേക്കുറിച്ചുള്ള അറിവുകൂടി ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിച്ചതോടെ അജിത്കുമാറിനെ അഭിനന്ദിച്ച ശേഷമാണ് പ്രധാനമന്ത്രി വയനാട്ടില്‍ നിന്ന് മടങ്ങിയത്.
ഈ അഭിനന്ദനം ഏറ്റുവാങ്ങി അധികനാള്‍ തികയും മുന്‍പാണ് അജിത്കുമാര്‍ കേരളത്തിന് മുന്നില്‍ വില്ലന്‍വേഷത്തിലേക്ക് മാറിയത്. സ്വര്‍ണക്കടത്തും കൊലപാതകവും മരംമുറിയും തുടങ്ങി സി.പി.എം സര്‍ക്കാരിന് പൊറുക്കാനാവാത്ത ആര്‍.എസ്.എസ് ബന്ധം വരെ. കേരളത്തിലെ ഏറ്റവും അധികാരമുള്ള പദവിയായ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെന്ന തൊപ്പി ഏത് നിമിഷവും തെറിക്കാവുന്ന അവസ്ഥ. ഇങ്ങിനെ തൊപ്പി തെറിച്ചും തിരിച്ചുപിടിച്ചും പല ചരിത്രമുള്ളതാണ് 29 വര്‍ഷം തികയുന്ന അജിത്കുമാറിന്റെ പൊലീസ് സര്‍വീസ് സ്റ്റോറി.
'ഞാന്‍ പഴയ എസ്.എഫ്.ഐക്കാരനാണ്, എനിക്ക് അറിയാത്ത കളികളുണ്ടോ...' അജിത്കുമാര്‍ പരിചയക്കാരോട് പലപ്പോഴും പറയുന്ന വാചകമാണിത്. എസ്.എഫ്.ഐയുടെ ഉരുക്കുകോട്ടയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നാണ് അജിത്കുമാറിന്റെ തുടക്കം. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ രണ്ട് മക്കളില്‍ മുത്തയാള്‍. ജിയോളജിയില്‍ റാങ്കോടെ പാസായ ശേഷം സിവില്‍ സര്‍വീസിലേക്ക്.
തിരുവനന്തപുരത്ത് കമ്മീഷ്ണറായതോടെയാണ് അദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൊച്ചിയിലും തൃശൂരിലുമെല്ലാം കമ്മീഷ്ണര്‍. തൃശൂര്‍ റേഞ്ച് ഐ.ജി. ഒരു തവണ പോലും കേന്ദ്ര െഡപ്യൂട്ടേഷനില്‍ പോകാതെ, കേരളത്തില്‍ തന്നെ ഉറച്ച് നിന്ന അജിത്കുമാറിന്റെ സര്‍വീസ് കാലാവധി പലതവണ വിവാദങ്ങളും നിറഞ്ഞതാണ്.
സോളര്‍ കേസിലെ പലതവണ പറഞ്ഞ് കേട്ടെങ്കിലും ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്ളീന്‍ചിറ്റായിരുന്നു. എന്നാല്‍ സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്ത് കേസിന്റെ വിവാദകാലത്ത് അജിത്കുമാര്‍ ശരിക്കും പെട്ടു. വിജിലന്‍സ് ഡയറ്കടറായിരുന്ന അദേഹം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ അനധികൃത കസ്റ്റഡിയിലെടുക്കാനും ഫോണ്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനായിരുന്നു അജിത്കുമാറിന്‍റെ ഈ ഇടപെടല്‍. അത് വലിയ വിവാദമായതോടെ വിജിലന്‍സ് മേധാവി സ്ഥാനം തെറിച്ചു. പിന്നീട് നിയമിച്ചത് സിവില്‍ റൈറ്റ്സ് എ.ഡി.ജി.പി എന്ന അപ്രധാന പദവിയില്‍. ഇരിക്കാന്‍ ഓഫീസോ കസേരയോ ഇല്ലാത്തതുകൊണ്ട് ആ സമയം വീട്ടില്‍ തന്നെയായിരുന്നു ഭൂരിഭാഗം സമയവും. എന്നാല്‍ നാല് മാസം കൊണ്ട് അജിത്കുമാര്‍ പൊലീസിലെ ഏറ്റവും പ്രധാന പദവിയായ ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി പദവിയില്‍ തിരിച്ചെത്തി.
'ഞാന്‍ പറയുന്നതാണ് പൊലീസില്‍ നടക്കുന്നത്, എന്തെങ്കിലും ഉണ്ടങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞോളാം'-രണ്ട് വര്‍ഷമായി ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി കസേരയിലിരിക്കുന്ന അജിത്കുമാര്‍ സീനിയര്‍–ജൂനിയര്‍ വ്യത്യാസമില്ലാതെ പലരോടും പറഞ്ഞിരുന്ന വാചകമാണിത്. ആ വാചകത്തിലുള്ളതുപോലെ മുഖ്യമന്ത്രിയുമായുള്ള അടുപ്പമായിരുന്നു അജിത്കുമാറിനെ പൊലീസിലെ സൂപ്പര്‍ ഡി.ജി.പിയാക്കി മാറ്റിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തൃശൂരിനിപ്പുറം, തിരുവനന്തപുരത്തേക്ക് അജിത്കുമാറിനെ അടുപ്പിച്ചിരുന്നില്ല. പക്ഷെ പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വന്നതോടെ അജിത്കുമാറിന്റെ തലവര മാറി. തെക്കന്‍ കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയുടെ റെക്കമെന്റേഷനും അതിന് പിന്നിലുണ്ടെന്നാണ് കഥ. അങ്ങിനെ അധികാര പദവിയിലെത്തിയതോടെ അജിത്കുമാര്‍ ഡി.ജി.പിയെപോലും കൂസാതെയായി. ഡി.ജി.പിയെ വെട്ടി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായും മുഖ്യമന്ത്രിയുമായും നേരിട്ടായി ആശയവിനിമയം. മുഖ്യമന്ത്രിയും ഭൂരിഭാഗം കാര്യങ്ങളും അജിത്കുമാറിനെ ഏല്‍പ്പിച്ചു. നവകേരള യാത്രക്ക് ചുക്കാന്‍ പിടിച്ചതും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയൊതുക്കിയതുമെല്ലാം അജിത്കുമാര്‍ മുഖ്യമന്ത്രിയോട് കാണിച്ച പ്രത്യുപകാരത്തിന്റെ അടയാളങ്ങളായി വിലയിരുത്തുന്നു.
പൊതുവേ ജനങ്ങളോട് മോശമായി പെരുമാറുന്നവരാണ് പൊലീസുകാരെന്ന ചീത്തപ്പേരുണ്ട്. എന്നാല്‍ മുന്നില്‍ വരുന്നവരോടെല്ലാം മോശമായി സംസാരിക്കുന്ന ഓഫീസറെന്നാണ് അജിത്കുമാര്‍ പൊലീസില്‍ അറിയപ്പെടുന്നത്. അദേഹത്തോട് അധികനേരം സംസാരിക്കാനും മീറ്റിങ്ങുകളില്‍ പങ്കെടുക്കാനുമെല്ലാം ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമില്ല. മോശമായും അപമാനിച്ചും സംസാരിക്കുന്നതാണ് കാരണം.
മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനില്‍ നിന്ന് മുഖ്യമന്ത്രിക്ക് തന്നെ തലവേദനയായ ഉദ്യോഗസ്ഥനായി വീണിരിക്കുകയാണ് ഇപ്പോള്‍ അജിത്കുമാര്‍. സ്വര്‍ണക്കടത്തിലടക്കം അന്വേഷണം നേരിടുന്നു. ആര്‍.എസ്.എസ് ബന്ധമുള്ളതിനാല്‍ തൊപ്പിതെറിപ്പിക്കണമെന്ന് ഭരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. അങ്ങിനെ വിവാദം മുറുകുമ്പോള്‍ ഒന്നും മിണ്ടാതെ അവധിയില്‍ പോകാന്‍ ഒരുങ്ങുകയാണ് അജിത്കുമാര്‍.