വായിച്ച പുസ്തകങ്ങളുടെ എഴുത്തുകാരെ തേടിയിറങ്ങിയ ഒരു കൂട്ടം വായനക്കാരെ പരിചയപ്പെട്ടാലോ. 2021ൽ തുടങ്ങിയ യാത്രയിൽ ഇതുവരെ 35 എഴുത്തുകാരെയാണ് ഇവർ വീടുകളിലെത്തി കണ്ടത്. കാണാം വായനയുടെ നീരും വേരും തേടിയുള്ള കാസർകോട് ഓരി വള്ളത്തോൾ സ്മാരക വായനശാലയിലെ അംഗങ്ങളുടെ വിശേഷങ്ങൾ.
ഓരി വള്ളത്തോൾ സ്മാരക വായനശാലയിലെ അംഗങ്ങൾക്ക് ഒരാഗ്രഹം. തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ ഒന്ന് നേരിൽ കാണണം. വെറുതെ കണ്ടാൽ പോരാ. അവരുടെ വീട്ടിൽ പോയി തന്നെ കാണണം. സന്ദർശിക്കാനുള്ള എഴുത്തുകാരുടെ പട്ടിക തയ്യാറാക്കി. അവരുടെ പുസ്തകങ്ങൾ വായനശാലയിൽ ഉറപ്പാക്കി. പുസ്തക ചർച്ചകൾ സംഘടിപ്പിച്ചു.
കവി മാധവൻ പുറച്ചേരിയെയാണ് ആദ്യം കണ്ടത്. അംബികാസുതൻ മാങ്ങാട്, യുവകഥാകൃത്ത് വി.എൻ മൃദുൽ, കെ. എസ് രതീഷ്. എഴുത്തുകാരുടെ പട്ടിക നീളുന്നു. വീട്ടുമുറ്റം വരെ തേടിയെത്തിയ വായനക്കാരെ കണ്ട് പലരും അത്ഭുതപ്പെട്ടു. അതിഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സംശയങ്ങൾക്ക് മറുപടി നൽകി. തിരികെ മടങ്ങുമ്പോൾ പുസ്തകങ്ങളും ഓരിക്കാർക്ക് നൽകി
അടുത്ത യാത്ര കോഴിക്കോട്ടേക്കാണ്. എംടിയെ ഒന്ന് നേരിൽ കാണാനുള്ള ആഗ്രഹം വായനശാലയിലെ എല്ലാവർക്കുമുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ഈ വായനക്കൂട്ടം.