കാസർകോട് മാടക്കാലിലെ കൃഷിയിടങ്ങളിൽ കായലിൽ നിന്നുള്ള ഉപ്പുവെള്ളം കയറി വ്യാപക നാശനഷ്ടം . അപ്രതീക്ഷിതമായി വയലുകളിൽ ഉപ്പ് വെള്ളം കയറിയതോടെ കിഴങ്ങുകളും പച്ചക്കറികളും കൃഷി ചെയ്തവർക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്.
മാടക്കാൽ ദ്വീപിനെ പതിയെ പതിയെ ഉപ്പുവെള്ളം വിഴുങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരുകാലത്ത് നെൽകൃഷിയും പച്ചക്കറി കൃഷിയും സജീവമായിരുന്ന മാടക്കാലിൽ ശേഷിച്ച കൃഷിയോഗ്യമായ പ്രദേശങ്ങളിൽ ഒന്നാണ് മുള്ളിപ്പുഴ. കൃഷിയിറക്കുന്നവർക്ക് മികച്ച വിളവ് തിരിച്ചു നൽകുന്ന മണ്ണിൽ പ്രതീക്ഷയർപ്പിച്ച് ഇത്തവണയും നാട്ടുകാർ വലിയതോതിലാണ് കൃഷി ഇറക്കിയത്. എന്നാൽ രാത്രിയിൽ ഉണ്ടാകുന്ന അസാധാരണമായ വേലിയേറ്റത്തിൽ കൃഷിയിടങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.
ഏക്കർ കണക്കിന് കൃഷി ഇതിനോടകം തന്നെ കരിഞ്ഞുണങ്ങി. വെള്ളരിയും മധുരക്കിഴങ്ങും ചീരയും വാഴയും കപ്പയുമെല്ലാമായി ഒരു കാലത്ത് മികച്ച വിളവാണ് ഇവിടത്തെ ഇവ കർഷകർക്ക് ലഭിച്ചിരുന്നത്. ഇനിയെങ്കിലും അധികൃതർ ഉപ്പുവെള്ളം കയറുന്നത് തടയാൻ തടയണകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.