ഇലത്താളം തേടി ചൈനക്കാര്‍ വരെ എത്തുന്ന ഒരിടമുണ്ട് തൃശൂരില്‍. കടവല്ലൂരിലെ കൊപ്പറമ്പത്ത് കുടംബത്തിന് ഇലത്താള നിര്‍മാണത്തില്‍ പ്രത്യേക വൈദഗ്ധ്യമാണ്. മൂന്നു തലമുറകളായി ഇലത്താളം നിര്‍മിക്കുന്ന കുടുംബമാണിത്.
ഇലത്താളത്തിന്‍റെ കടവല്ലൂര്‍ പെരുമയാണ് മേളങ്ങളില്‍ മുഴങ്ങുക. തിരുവമ്പാടി, പാറമേക്കാവ് പഞ്ചവാദ്യ പ്രമാണിമാര്‍ക്കെല്ലാം കൊപ്പറമ്പത്ത് കുടുംബത്തിന്‍റെ മൂശയില്‍ വാര്‍ത്തെടുത്ത ഇലത്താളമാണ് പ്രിയം. തലമുറകളായി കൈമാറി വന്ന തൊഴിലുമായി മുന്നോട്ട് പോകുകയാണ് കൊപ്പറമ്പത്ത് കുമാരനും മകന്‍ രാധാകൃഷ്ണനും. ഓരോ വാദ്യക്കാര്‍ക്കും ആവശ്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ഇലത്താളം നിര്‍മിക്കുന്നത്. ശുദ്ധമായ ഓടിലാണ് ഇലത്താളത്തിന്‍റെ മികവ്. തട്ടി മിനുക്കുന്നതിലും ശ്രദ്ധ വേണം. മുഴക്കം ശരിയായില്ലെങ്കില്‍ വീണ്ടും ഉരുക്കി വേണം താളമുണ്ടാക്കാന്‍.
കര്‍ക്കടകം കഴിയുമ്പോഴാണ് ഇലത്താളത്തിന് ആവശ്യക്കാരേറുന്നത്. 2 കിലോ മുതല്‍ രണ്ടര കിലോ വരെ ഭാരമുള്ള ഇലത്താളമാണ് ഉണ്ടാക്കുന്നത്. 4500 രൂപ മുതല്‍ വില വരും. പുറം രാജ്യക്കാരും ഇലത്താളം നിര്‍മിക്കുന്നത് കാണാന്‍ എത്തിയിരുന്നു . ആലയില്‍ അഗ്നിയില്‍ പഴുത്ത് പാകമായി വരുന്ന കടവല്ലൂര്‍ താളത്തിന്‍റെ പെരുമ വിശ്വപ്രസിദ്ധമാണ്.