മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഹരിയാനയിൽ കോൺഗ്രസുമായി സീറ്റ് ധാരണയില്ലാതെ 'ആപ്' ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതും, അരവിന്ദ് കേജരിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതും എടുത്തു കാട്ടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി ബല്‍റാം രംഗത്തെത്തിയത്.
രണ്ട് വ്യത്യസ്ത സംഭവങ്ങൾ, ഒന്നിന് പിറകേ ഒന്നായി. തികച്ചു യാദൃശ്ചികം . ബല്‍റാം പരിഹാസരൂപേണ ഫെയ്സ് ബുക്കില്‍ കുറിച്ചതിങ്ങനെ. കേജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും അറസ്റ്റില്‍ ബെഞ്ചിലെ ജഡ്ജിമാര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിൽ അപാകതകളില്ലെന്നുമാണ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്. അറസ്റ്റിന്‍റെ ഘട്ടത്തില്‍, ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 41ലെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
എന്നാല്‍, കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് ജസ്റ്റിസ് ഉജ്വൽ ഭുയൻ പങ്കുവച്ചത്. ഇഡി റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേജ്‌രിവാളിന് അനുവിച്ച ജാമ്യം തടയാന്‍മാത്രമായിരുന്നു സിബിഐയുടെ അറസ്റ്റ്. ജാമ്യം നൽകാനുള്ള തീരുമാനത്തിൽ രണ്ട് ജഡ്ജിമാരും ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലാത്തതും, കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതും കണക്കിലെടുത്താണ് കേജ്രിവാളിന് ജാമ്യം നൽകിയത്.