TOPICS COVERED

വയനാട് ഉരുള്‍പൊട്ടിലില്‍ ചൂരല്‍മലയില്‍ താത്ക്കാലികമായി നിര്‍മിച്ച ബെയ്‌ലി പാലത്തിന്റെ ഇടത് വശത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു ആല്‍മരം കാണാം. അതിനോട് ചേര്‍ന്ന മണ്ണില്‍ ഒരു മഹാദേവ ക്ഷേത്രവുമുണ്ടായിരുന്നു, ചൂരല്‍മല ശിവക്ഷേത്രം. ഒരു നാടിന്‍റെ എല്ലാമായ ആ ക്ഷേത്രം ഉരുള്‍പൊട്ടിലില്‍ നശിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്‌ പ്രതിഷ്ഠ നടത്തി ക്ഷേത്രം പ്രതാപകാലത്തേക്ക് തിരിച്ച് വരുകയാണെന്ന് പറയുകയാണ് ടി സിദ്ദിഖ് എംഎല്‍എ. പ്രതിഷ്ഠ നടത്തുന്ന ചിത്രങ്ങളും എംഎല്‍എ പങ്കുവച്ചു. 

ടി സിദ്ദിഖിന്‍റെ കുറിപ്പ്

ഉരുള്‍ തകര്‍ത്ത ഈ ദുരന്ത ഭൂമിയിലെ ഏറ്റവും വേദനിക്കുന്ന കാഴ്ചയായിരുന്നു നിരവധി ഭക്തര്‍ ഒഴുകിയെത്തിയിരുന്ന ശിവ ക്ഷേത്രം. അവശേഷിക്കുന്ന ക്ഷേത്രാവശിഷ്‌ടങ്ങളുടെ കാഴ്‌ച ഏതൊരു വിശ്വാസിയുടെയും ഉള്ളുലയ്‌ക്കും. മലഞ്ചൊരുവില്‍ തേയിലത്തോട്ടത്തിനും പുഴയ്‌ക്കും ഇടയിലായി ക്ഷേത്രം കാണാന്‍ അതിമനോഹരമായിരുന്നു. ക്ഷേത്രത്തിനൊപ്പം ഉണ്ടായിരുന്ന ആൽമരം മാത്രം എല്ലാത്തിനും സാക്ഷിയായി അവിടെ നിന്നു. രക്ഷാ പ്രവർത്തനത്തിന് ആ ആൽമരം വഹിച്ച പങ്ക് നിർണായകമായിരുന്നു.ഈ ക്ഷേത്രത്തിലെ ഉത്സവമാകട്ടെ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും മുഴുവന്‍ ജനവിഭാഗത്തിന്‍റേതുമായിരുന്നു. മുസ്‌ലീം, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങള്‍ അടക്കം ഒഴുകിയെത്തിയിരുന്നതാണ് ശിവ ക്ഷേത്രത്തിലെ ഉത്സവം. അതുകൊണ്ട് തന്നെ ക്ഷേത്രം ഏവര്‍ക്കും പ്രിയമായിരുന്നു. മാത്രമല്ല മനോഹരമായിരുന്ന ക്ഷേത്രം കാണാന്‍ നിരവധി വിനോദ സഞ്ചാരികളും എത്തിയിരുന്നു.പൊടുന്നനെ ഇടിച്ചിറങ്ങിയ മണ്ണും മലയും ക്ഷേത്രത്തെ അപ്പാടെ തകര്‍ത്തു. ദുരന്തത്തിന്‍റെ ബാക്കി പത്രമെന്നോണം ഇപ്പോഴുള്ളത് ക്ഷേത്രത്തിന്‍റെ തറയും മുറ്റത്തുണ്ടായിരുന്ന ആല്‍മരവും മാത്രമാണ്. മണ്ഡലകാല ഓര്‍മകളായി അയ്യപ്പന്മാര്‍ ധരിച്ച മാലയും ആല്‍മരത്തില്‍ അവശേഷിക്കുന്നുണ്ട്.  ദുരന്തത്തെ അതിജീവിച്ചെങ്കിലും ആല്‍മരത്തിന്‍റെ പകുതിയോളവും മണ്ണും ചെളിയും അടിഞ്ഞിരുന്നു.

ക്ഷേത്രത്തെ മാത്രമല്ല അതിലെ പൂജാരിയുടെ ജീവനും ഉരുള്‍ കവര്‍ന്നു. തമിഴ്‌നാട് സ്വദേശിയായ കല്യാണ്‍ കുമാറാണ് ദുരന്തത്തിനിരയായ പൂജാരി. കഴിഞ്ഞ 10 വര്‍ഷമായി ക്ഷേത്രത്തോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ദുരന്ത സാധ്യത കണക്കിലെടുത്ത് പൂജാരിയോട് സുരക്ഷിതയിടത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയിരുന്നില്ല. ദുരന്തത്തില്‍പ്പെട്ടതിന്‍റെ രണ്ടാം ദിനം അദ്ദേഹത്തിന്‍റെ മൃതദേഹാവശിഷ്‌ടങ്ങള്‍ ദൗത്യം സംഘം കണ്ടെത്തുകയും ചെയ്‌തിരുന്നു. എത്രയോ കാലങ്ങളായി ഈ മലഞ്ചെരുവിനെ ഭക്തിസാന്ദ്രമാക്കിയ ക്ഷേത്രത്തിലെ ആല്‍മരവും ദുരന്തത്തെ അതിജീവിച്ച ഏതാനും മനുഷ്യരും മാത്രമാണിപ്പോള്‍ ചൂരല്‍മലയുടേതായി ബാക്കിയുള്ളത്…വീണ്ടും കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്‌ പ്രതിഷ്ഠ നടത്തി ആത്മചൈതന്യത്തെ ലയിപ്പിച്ചിരിക്കുന്നു… കല്‍പാന്തകാലത്തോളം നിലനില്‍ക്കുന്നതിനുവേണ്ടിയാണ്‌ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ പ്രതിഷ്ഠ നടത്തുന്നത്‌… നമ്മുടെ ചൂരൽമലയിലെ ശിവക്ഷേത്രം പ്രതാപകാലത്തേക്ക് തിരിച്ച് വരും.