ഗായകൻ യേശുദാസിന്‍റെ ഫോർട്ടുകൊച്ചിയിലെ ജന്മഗൃഹത്തിലെ മൽഗോവ തേടി സീതാറാം യെച്ചൂരിയെത്തിയത് രണ്ട് തവണയാണ്. പ്രത്യയശാസ്ത്ര വിശദീകരണങ്ങളേതുമില്ലാതെ വന്നുമടങ്ങിയ യച്ചൂരിയെ ഓർക്കുന്നു ഹൗസ് ഓഫ് യേശുദാസിന്റെ ഉടമ സി.എ.നാസർ.
ഇതുപോലൊരു പത്രവാർത്തയിൽനിന്നാണ് ഹൗസ് ഓഫ് യേശുദാസിലെ മൽഗോവ തേടി ആദ്യം യെച്ചൂരിയെത്തുന്നത്. 2010ൽ. ഹൗസ് ഓഫ് യേശുദാസിന് ചില്ലറ രൂപമാറ്റം വന്നപ്പോഴും വഴിതുറന്നിട്ട മേൽക്കൂരയിലൂടെയുള്ള മാവിന്റെ തലയെടുപ്പിനെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു യച്ചൂരി.
ഒടുവിലായി ഒരു മാമ്പഴക്കാലത്തിന്റെ തുടക്കത്തിൽ സഖാക്കൾക്കൊപ്പം ഇവിടെയെത്തി. ബിനാലെ കണ്ട് മാഞ്ചോട് നനച്ച് മടങ്ങി. ചില യാത്രകൾ അങ്ങനെയാണല്ലോ. വിശദീകരണങ്ങളേതുമില്ലാത്ത ഇഷ്ടങ്ങൾക്കൊപ്പം അവ ചേർത്തുവയ്ക്കപ്പെടും