പ്രിയഗായകന്‍ യേശുദാസിന്‍റെ ശബ്ദത്തില്‍ വീണ്ടുമൊരു ഭക്തിഗാനം കേള്‍ക്കാനായ സന്തോഷത്തിലാണ് സംഗീതപ്രേമികള്‍. സംസ്കൃതത്തിലുള്ള ക്രിസ്തുഭക്തി ഗാനമടങ്ങിയ 'സര്‍വേശാ' എന്ന ആല്‍ബം പ്രകാശനം ചെയ്തത് ഫ്രാന്‍സിസ് മാര്‍പാപ്പ . ഉള്ളടക്കത്തിലും അവതരണത്തിലും ഒട്ടേറെ അപൂര്‍വതകളുമായി സംഗീതജ്ഞന്‍ ഫാ. പോള്‍ പൂവത്തിങ്കലും പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജും ചേര്‍ന്നാണ് ഗാനം സാക്ഷാല്‍ക്കരിച്ചത്.
യേശുദാസിനൊപ്പം 100 വൈദീകരും 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ച ഗാനത്തിന് പിന്നിലെ പ്രയത്നം ചെറുതല്ല.
മണ്‍മറഞ്ഞ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. പി.സി. ദേവസ്യാ രചിച്ച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന സംസ്‌കൃത ഗീതമാണ് ആല്‍ബമാക്കിയത്. കര്‍ണാടിക് –
പാശ്ചാത്യ സംഗീത സാങ്കേതങ്ങളെ യോജിപ്പിച്ചാണ് ഗാനനിര്‍മിതി. അമേരിക്കയിലെത്തി യേശുദാസിന്‍റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു
ഹോളിവുഡിലായിരുന്നു പാട്ടിന്‍റെ ഓര്‍കസ്ട്ര ഭാഗം ചെയ്തത്. കേരളത്തിനു പുറമെ മുംബൈയിലും ഫ്ലോറിഡയിലും ഹോളിവുഡിലുമായി ശബ്ദമിശ്രണം പൂര്‍ത്തിയാക്കി. വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശന കര്‍മം നിര്‍വഹിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യുന്നത്.
ആല്‍ബത്തില്‍ നിന്നുള്ള വരുമാനം തൃശൂർ ചേതന ഗാനാശ്രമത്തിലെ ഭിന്നശേഷി കുട്ടികളുടെ ന്യൂറോളജിക് മ്യൂസിക് തെറാപ്പിക്കായാണു വിനിയോഗിക്കുക. ഗാനം സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്