ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി. ഓടിവന്ന് താങ്ങാവാന്‍ ഇനി ശ്രുതിക്കരികിൽ ജെന്‍സനുണ്ടാകില്ല. സ്‌കൂള്‍ കാലം മുതല്‍ കളിച്ചുവളര്‍ന്ന കൂട്ടുകാര്‍. പത്ത് വര്‍ഷക്കാലത്തെ പ്രണയം. തനിക്ക് ജീവനുള്ളിടത്തോളം കാലം സംരക്ഷിക്കുമെന്നും അവളെ പരിപാലിക്കുമെന്നും ഉറക്കെ വിളിച്ചുപറഞ്ഞവന്‍. ഒടുക്കം ജെന്‍സണ്‍ മടങ്ങുമ്പോള്‍ ആ വാക്കുകള്‍ കരളുപിളര്‍ക്കുന്നു. അതിവൈകാരികമായിരുന്നു ആ നിമിഷം. ജെൻസന്‍റെ ചേതനയറ്റ ശരീരം ഉള്ളുപിടഞ്ഞാണ് ശ്രുതി കണ്ടത്. കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ മൗനം തളംകെട്ടിക്കിടന്ന ഒരു മുറിയില്‍ വെച്ച് അവര്‍ അവസാനമായി കണ്ടു. ആ കാഴ്ച വാക്കുകള്‍ക്കും അപ്പുറമായിരുന്നു എന്നാണ് അപകട സമയം മുതല്‍ ആശുപത്രികാര്യങ്ങള്‍ക്കായി ഓടി നടന്ന ജെന്‍സന്‍റെ ഉറ്റ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ജഷീര്‍ പള്ളിവയല്‍ പറയുന്നത്. ഐ സി യു വിട്ട് നമ്മൾ ഇറങ്ങുമ്പോൾ സഹോദരി പറഞ്ഞ വാക്ക് ഞാനും വരും ഇച്ചായ എന്നാണ് , ആ വാക്കിന് അപ്പുറമുള്ള ചിന്തയിലേക്കാണ്, ജീവിതത്തിലേക്കാണ് നമ്മുടെ ശ്രുതിയെ നമ്മൾ നയിക്കേണ്ടതെന്നും ജഷീര്‍ പറയുന്നു.