kollam-accident

TOPICS COVERED

ആരു പറഞ്ഞിട്ടും കേള്‍ക്കാതെ കാര്‍ അതിവേഗത്തില്‍ മുന്നോട്ടെടുത്തതാണ് കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍യാത്രക്കാരിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് ദൃക്സാക്ഷി വിദ്യ.  അപകടം നേരില്‍ കണ്ട നാട്ടുകാര്‍ കാര്‍ മുന്നോട്ടെടുക്കരുതെന്ന്  ആവര്‍ത്തച്ച് പറഞ്ഞു . പക്ഷേ ഡ്രൈവര്‍ കേട്ടില്ല. അമിതവേഗത്തില്‍  കാര്‍  യാത്രക്കാരിയുടെ ശരീരത്തിലൂടെ  ‌കയറ്റിയിറക്കുകയുമാണുണ്ടായതെന്നും  അവര്‍ പറഞ്ഞു. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിനത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊല്ലം സ്വദേശിയായ കുഞ്ഞുമോളാണ്  ദാരുണമായി കൊല്ലപ്പെട്ടത്. 

ഞായറാഴ്ച്ച വൈകിട്ട് 5.30ഓടെ കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ്  ഫൗസിയെയും സഹോദരി കുഞ്ഞുമോളെയും  കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. കാര്‍ ഇടിച്ച ഉടനെ തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ കുഞ്ഞുമോളെ പുറത്തെടുത്ത് ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി. കാറിടിച്ച് മറിഞ്ഞ സ്കൂട്ടറില്‍ നിന്ന് നിലത്ത് വീണ കുഞ്ഞുമോള്‍ക്ക്  നിസാരപരുക്ക് മാത്രമാണുണ്ടായിരുന്നത് . എന്നാല്‍ രക്ഷപ്പെടാനള്ള വ്യഗ്രതയില്‍ അജ്മല്‍  മുന്നോട്ടെടുത്ത കാര്‍ കുഞ്ഞുമോളുടെ തലയിലൂടെ കയറിയിറങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും  പരുക്ക് ഗുരുതരമായതിനാല്‍ ജീവന്‍രക്ഷിക്കാനയില്ല 

സംഭവം നേരില്‍ കണ്ട ദൃക്സാക്ഷിയും സമീപത്തെ കടയുടമയുമായ വിദ്യ പറയുന്നതിങ്ങനെ. 'ഇത്തയും സഹോദരിയും വണ്ടിയുമായി ക്രോസ് ചെയ്പ്പോള്‍ മറ്റേ വണ്ടി (കാര്‍) റോങ് സൈഡിലൂടെ വരികയായിരുന്നു. അവര്‍ ആ സൈഡിലൂടെ വന്ന് ഇത്തയെ ഇടിച്ചിട്ടു. ഞാനിവിടെ കിടന്ന് കൂവുന്നുണ്ടായിരുന്നു, വണ്ടി എടുക്കല്ലേ എടുക്കല്ലേ എന്ന് പറഞ്ഞുകൊണ്ട്. അതൊന്നും കേള്‍ക്കാതെ അയാള്‍ ആ വണ്ടി അവരുടെ പുറത്തുകൂടി എടുത്തത് കൊണ്ടാണ്. അല്ലെങ്കില്‍ നമുക്ക് ആ ഇത്തയെ രക്ഷിക്കാന്‍ പറ്റുമായിരുന്നു' എന്ന് ദൃക്സാക്ഷിയായ യുവതി പറയുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി അജ്മലിനെ പൊലീസ് അറസ്റ്റുെചയ്തു. അപകടസമയത്ത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത്. അതേസമയം പ്രതി അജ്മലിനെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ചന്ദനക്കടത്ത്, വഞ്ചനാക്കേസുകളിലാണ് അജ്മല്‍ പ്രതിയായിട്ടുള്ളതെന്ന് കൊല്ലം റൂറല്‍ എസ്.പി വെളിപ്പെടുത്തി.

 
ENGLISH SUMMARY:

Kollam Car Accident Death Updates