kollam-rural-sp-on-ajmal

കൊല്ലത്ത് സ്കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ അപകടത്തിലെ പ്രതി അജ്മലിനെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ്. ചന്ദനക്കടത്ത്, വഞ്ചനാക്കേസുകളിലാണ് അജ്മല്‍ പ്രതിയായിട്ടുള്ളതെന്ന് കൊല്ലം റൂറല്‍ എസ്.പി വെളിപ്പെടുത്തി. അജ്മലിനൊപ്പം കസ്റ്റഡിയിലുള്ള വനിത ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത്. 

 

അപകടമുണ്ടാക്കിയ സമയത്ത് അജ്മലും വനിത ഡോക്ടറും മദ്യപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ വൈകുന്നേരം അഞ്ചേമുക്കാലോടെയായിരുന്നു അപകടം.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ഡോക്ടറുമായി അജ്മൽ പരിചയത്തിലായതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഇവര്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്.

അപകടമുണ്ടായ ഉടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. കാര്‍ പിന്നോട്ടെടുത്ത ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടെടുത്ത് പോകുകയായിരുന്നു. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ കു‍ഞ്ഞുമോളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യ മനോരമന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. അജ്മലിന്‍റെ കാര്‍ വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് ദൃക്സാക്ഷിയായ സഞ്ജയും പറഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്നവര്‍ റോഡില്‍ തെറിച്ചുവീണുവെന്നും ഫൗസിയ സൈഡിലേക്കും മരിച്ച കു‍ഞ്ഞുമോള്‍ റോഡിന്‍റെ നടുവിലേക്കുമാണ് വീണതെന്നും സഞ്ജയ് വെളിപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന കുഞ്ഞുമോള്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നത് കുഞ്ഞുമോളുടെ ബന്ധു ഫൗസിയയായിരുന്നു. 

അമിതവേഗത്തില്‍ നിയന്ത്രണം വിട്ടാണ് കാര്‍ പാഞ്ഞെത്തിയതെന്നും തെറ്റായ ദിശയിലായിരുന്നുവെന്നും അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലുള്ള ഫൗസിയ പറയുന്നു. എതിര്‍വശത്തേക്ക് വീണത് കൊണ്ടുമാത്രമാണ് താന്‍ രക്ഷപെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

ENGLISH SUMMARY:

Kollam Rural SP disclosed that Ajmal is accused in cases of sandalwood smuggling and fraud. The woman doctor who was in custody with Ajmal was fired from her job. Action was taken against the doctor by the management of the private hospital in Karunagappally.