പമ്പാനദിയിലെ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ നടന്ന ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടം മറിഞ്ഞ് തുഴച്ചിൽക്കാരൻ മരിച്ചു. മുതവഴി നടുവിലേത്ത് ഹരിദാസിന്റെയും രമണിയുടെയും മകൻ വിഷ്ണുദാസ്  ആണ് മരിച്ചത്. ഇതേത്തുടർന്ന് എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരങ്ങൾ ഉപേക്ഷിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരത്തിനിടെയാണ് അപകടം.

‘നടുവിലേത്ത് അപ്പു അക്കരെ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടൻ വിവരം അറിയിക്കണം’  ചതയം ജലോത്സവ പവലിയനിൽ നിന്ന് ഈ അറിയിപ്പ് കേട്ടയുടൻ കരയിൽ വള്ളംകളി കണ്ടു നിന്ന വിഷ്ണുദാസിന്റെ (അപ്പു) അമ്മ രമണിയുടെ നെഞ്ച് പൊള്ളി. പമ്പയിൽ മുങ്ങിയ മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരെ ബോട്ടുകളിൽ കയറ്റി പവലിയനിലേക്ക് എത്തിക്കുകയായിരുന്നു സംഘാടകർ അപ്പോൾ. പവലിയനിലേക്ക് ഓടിയെത്തിയ രമണിയുടെ കണ്ണുകളിൽ ആശങ്കയുടെ കടൽ. അക്കരെ തന്നെ ഉണ്ടാകും എന്നു സമാധാനിപ്പിച്ചു സംഘാടകരും അപ്പുവിനൊപ്പം തുഴഞ്ഞ സുഹൃത്തുക്കളും. ആ മറുപടികളൊന്നും അത്ര സമാധാനം നൽകിയില്ലെങ്കിലും പ്രതീക്ഷയോടെയാണ് രമണി പവലിയനിൽ നിന്നിറങ്ങിയത്. ആ പ്രതീക്ഷയ്ക്ക് അധികം ആയു‍സ്സ് ഉണ്ടായില്ലെന്നതു നാടിനാകെ വേദനയായി.