TOPICS COVERED

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. കൃഷ്ണ ഭക്തയെന്ന് അവകാശപ്പെടുന്ന ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.പി.വേണുഗോപാൽ, ബബിത മോൾ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഈ ചിത്രകാരി നിരന്തരമായി ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു . വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂർണമായി നിരോധിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വിഡിയോഗ്രാഫിയും അനുവദിക്കരുത്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപത്തു കൂടി ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും തടഞ്ഞു. ഭക്തരെ തടസ്സപ്പെടുത്തുന്ന നീക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ക്ഷേത്രം മാനേജിങ് കമ്മിറ്റി കൈക്കൊള്ളണം. ഇതിനായി ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കി.