ഉരുള്‍പൊട്ടലില്‍ അഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. തൊട്ടു പിന്നാലെ വെള്ളാരംകുന്നില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഏക ആശ്രയമായിരുന്ന പ്രതിശ്രുത വരന്‍ ജെന്‍സനും പോയി. സര്‍വതും നഷ്ടപ്പെട്ട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്ന ചൂരല്‍മലയിലെ ശ്രുതിക്ക് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നൊള്ളൂ. ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ തന്‍റെ അമ്മ സബിതയെ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം. അമ്മയ്ക്ക് നല്‍കാവുന്ന അവസാനത്തെ സ്നേഹം അത് മാത്രമാണെന്ന് അറിയാവുന്നത് കൊണ്ടാണ് ആ ആഗ്രഹം.
ആശുപത്രി കിടക്കയില്‍ വെച്ച് കല്‍പ്പറ്റ എം എല്‍ എ ടി.സിദ്ദിഖിനോട് ശ്രുതി ഇക്കാര്യം അറിയിച്ചു. ഉടനെ ശരിയാക്കാമെന്ന ഉറപ്പും പിന്നാലെ പുത്തുമലയിലേക്കുള്ള യാത്രയും ഒന്നിച്ചായിരിന്നു. ഇരു കാലുകള്‍ക്കും ശസ്ത്രക്രിയ കഴിഞ്ഞ ശ്രുതിയേയും വഹിച്ചുള്ള ആംബുലന്‍സ് പുത്തുമലയിലെ ഹാരിസണ്‍ ഭൂമിയിലേക്ക് കുതിച്ചു. C192 നമ്പര്‍ കുഴിയില്‍ അടക്കിയ അമ്മക്കരികിലെത്തി. വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ പതിയെ മണ്ണു മാറ്റി മൃതദേഹം പുറത്തെടുത്തു. കരയാന്‍ പോലും പറ്റാതെ, സ്ട്രക്ച്ചറില്‍ വേദന പോലും ഓര്‍ക്കാതെ ശ്രുതി സമീപത്തു തന്നെ നിന്നു. തലയില്‍ കൈവച്ച്, ഉള്ള് പൊട്ടി ജെന്‍സന്‍റെ പിതാവും അരികത്ത്.
മൃതദേഹം മേപ്പാടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തിന്‍റെ ശ്മശാനത്തില്‍ ഐവര്‍മഠത്തിന്‍റെ സഹായത്തോടെ സംസ്കരിച്ചു. ശ്രുതിയുടെ പിതാവ് ശിവണ്ണന്‍റേയും അനിയത്തി ശ്രേയയുടെയും മൃതദേഹം അവിടെ തന്നെയാണ് സംസ്കരിച്ചത്. അവര്‍ക്കരികിലേക്ക് അമ്മയെ കൂടി എത്തിച്ചതോടെ ശ്രുതിക്ക് നേരിയ ആശ്വാസം. മരണത്തിലൊഴികെ എല്ലാ സമയത്തും ഒന്നിച്ചു മാത്രം കണ്ടിരുന്ന പ്രിയപ്പെട്ടവരെ ശ്രുതിക്ക് ഇനിയും ഒന്നിച്ചു കാണാം. ആറു ദിവസം മുമ്പാണ് ചൂരല്‍മലയിലെ മുന്‍ പഞ്ചായത്ത് അംഗം കൂടിയായ സബിതയുടെ മൃതദേഹം ഡി എന്‍ എയിലൂടെ തിരിച്ചറിഞ്ഞത്. നടപടി ക്രമങ്ങളെല്ലാം പാലിച്ചായിരുന്നു സംസ്കാരം. എല്ലാത്തിനും കൂടെ നില്‍ക്കുന്ന മുസ്ലിം ലീഗിന്‍റെ വൈറ്റ് ഗാര്‍ഡിനു നന്ദി അറിയിച്ച് എം എല്‍ എ തന്നെ രംഗത്തെത്തി.
ജീവിതത്തില്‍ ദുരന്തങ്ങളുടെ പെരുമഴക്കാലം കഴിഞ്ഞ് അതിജീവിക്കുകയാണ് ശ്രുതി. ഇനിയൊരു നോവിനു വിട്ടുകൊടുക്കാതെ ചേര്‍ത്ത് നിര്‍ത്തണം, നമ്മളൊക്കെ കൂടെയുണ്ടാകണം.