anna-father-on-work-stress

പുണെയിലെ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയിരുന്ന കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ജോലി സമ്മര്‍ദം കാരണം പലദിവസങ്ങളിലും മകള്‍ക്കൊന്ന് സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അന്നയുെട പിതാവ് സിബി ജോസഫ്. മാനേജര്‍ക്ക് ക്രിക്കറ്റ് കളി കാണാന്‍ വേണ്ടി വരെ അന്നയെ ബുദ്ധിമുട്ടിച്ചിരുന്നു. മകള്‍ ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ രാജിവച്ച് പോരൂവെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മനോരമന്യൂസിനോട് വെളിപ്പെടുത്തി. 

 

അമിത ജോലിഭാരത്തെ തുടര്‍ന്നാണ് മകളുടെ ജീവന്‍ നഷ്ടമായതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ അനിത ഏണ്‍സ്റ്റ് ആന്‍റ് യങിനയച്ച വൈകാരികമായ കത്ത് രാജ്യമാകെ ചര്‍ച്ചയാവുകയും സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും കമ്പനിയിലെ തൊഴില്‍ സാഹചര്യം പരിശോധിക്കുമെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. 

അന്നയുടെ അമ്മ ഇ.വൈയ്ക്ക് അയച്ച കത്തിങ്ങനെ..'മികച്ചൊരു കരിയര്‍ പ്രതീക്ഷിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കി ഈ വര്‍ഷം മാര്‍ച്ചില്‍ അന്ന സെബാസ്റ്റ്യന്‍ പുണെയിലെ ഏണ്‍സ്റ്റ് & യങ് (ഇ.വൈ) കമ്പനിയില്‍ എക്സിക്യൂട്ടിവ് ആയി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ വൈകാതെ ആ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. തന്‍റെ ജോലിക്ക് പുറമേ അനൗദ്യോഗികമായി അധികജോലി അന്നയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. 

അവധിദിവസങ്ങളില്‍ പോലും വാക്കാല്‍ നിരവധി അസൈന്‍മെന്‍റുകള്‍ നല്‍കി. ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്ന സമയത്ത് മാനേജര്‍മാര്‍ ആ സമയത്തെ ജോലി ആഴ്ചയുടെ അവസാനത്ത് മാറ്റി നല്‍കി മകളെ സമ്മര്‍ദത്തിലാക്കി. അമിത ജോലിഭാരം കടുത്ത മാനസിക സമ്മര്‍ദത്തിലേക്കും ഉറക്കമില്ലാത്ത അവസ്ഥയിലേക്കും എത്തിച്ചു. മകള്‍ക്ക് ഇനി ഈ മാനേജര്‍മാരുടെ കീഴില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരു ഓഫിസ് പാര്‍‌ട്ടിയില്‍വെച്ച് മുതിര്‍ന്ന ഒരു ടീം ലീഡര്‍ അന്നയെ കളിയാക്കി. ഈ കോര്‍പ്പറേറ്റ് ജോലി സംസ്കാരമാണ് തന്‍റെ മകളുടെ ആരോഗ്യം ക്ഷയിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇനി ആര്‍ക്കും തന്‍റെ മകള്‍ക്ക് സംഭവിച്ചത് പോലെ ഉണ്ടാകാന്‍ പാടില്ല'.

ENGLISH SUMMARY:

She could not sleep peacefully for many days due to work pressure,' reveals Anna's father. 'I told her to resign when she shared her difficulties,' he adds