TOPICS COVERED

സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന സാധാരണക്കാരന്‍റെ അവസ്ഥ പലപ്പോഴും ദയനീയമാണ്. ആശുപത്രി ആവശ്യങ്ങള്‍ക്കോ വീട്ടിലെ ആവശ്യങ്ങള്‍ക്കോ പണം പലപ്പോഴും ഉണ്ടാകാറില്ല, ഇപ്പോഴിതാ  നിർമാതാവും ബിസിനസ്സ്മാനുമായ ജോളി ജോസഫ് എഴുതിയ ഒരു കുറിപ്പാണ് സൈബറിടത്ത് വൈറല്‍. അമ്മയുമായി ആശുപത്രിയിലേയ്ക്ക് വന്ന നടന്‍ പത്തിന്റെ പൈസയില്ലാതെ കരയുകയാണെന്നും  ഗ്രൂപ്പ് കളികളിൽ അംഗമല്ലാത്തവന് എപ്പോൾ പടം കിട്ടുമെന്നും ജോളി ജോസഫ് ചോദിക്കുന്നു

കുറിപ്പ് 

'' ചേട്ടാ , നമ്മുടെ 'ടോമി' വിളിച്ചിരുന്നു. മെഡിക്കൽ ഹോസ്പിറ്റലിൽ അറിയാവുന്ന ആരാ ഉള്ളത്?  അവന്റെ അമ്മച്ചിയെ വളരെ ഗുരുതരാവസ്ഥയിൽ അവരുടെ നാട്ടിലെ ആശുപത്രിയിൽ നിന്നും ആംബുലൻസിൽ കൊണ്ടുവരുന്നുണ്ട്, കൂടെ അവനുണ്ട് പക്ഷെ  അവന്റെ കയ്യിൽ പത്തിന്റെ പൈസയില്ല ,ആള്  നല്ല  കരച്ചിലിലാണ്  ... ‘' 

മലയാളസിനിമയിലെ മനുഷ്യത്വമുള്ളവരിൽ ഒരാളായ എന്റെ അടുത്ത ചെങ്ങായിയും പ്രശസ്തനുമായ ഒരു നടൻ അവന്റെ കൂട്ടുകാരനായ വേറൊരു നടന് വേണ്ടി ഇന്നലെ ഉച്ചയോടുകൂടി എന്നെ വിളിച്ചതാണ് . കൂട്ടുകാരന്റെ അമ്മച്ചിക്ക് ഹൃദയസംബന്ധമായ അസുഖം കൂടുതലായി പ്രശ്നമായി എറണാകുളത്തെ വലിയൊരു  ആശുപത്രിയിലേക്ക് പെട്ടെന്നുള്ള സർജറിക്ക്‌ കൊണ്ടുവരികയായിരുന്നു . പ്രശ്നം പണമാണ് . പ്രശസ്തനായ നടന്റെ അമ്മയെന്ന് പറഞ്ഞാലും പണമില്ലാതെ ആശുപത്രിക്കാർ ചികിത്സയ്‌ക്കില്ലെന്നുറപ്പ് ..പിന്നെ വിവരമറിഞ്ഞ പല കൂട്ടുകാരും സഹായിച്ച് പണമടച്ച് സർജറി കഴിഞ്ഞു . പക്ഷെ ഇനിയും പണം വേണം . അവനറിയാവുന്ന ഏക തൊഴിൽ അഭിനയം മാത്രം...ഗ്രൂപ്പ് കളികളിൽ അംഗമല്ലാത്തവന് എപ്പോൾ പടം കിട്ടും ?

ഭംഗിയായി എഴുതാൻ അറിയാവുന്ന അന്താരാഷ്ട്ര അഗീകാരങ്ങൾ നേടിയെടുത്ത അതിഗംഭീര ഷോർട് ഫിലിമുകൾ എടുക്കുന്ന പല സിനിമകളിലും അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന, ഭാവിയിൽ ഒരു വലിയൊരു സംവിധായകൻ ആകാനുള്ള എല്ലാ കഴിവുകളുമുള്ള  ' രാജു ' എന്നൊരു  ചെങ്ങായ്‌  എന്റെ ഓണാശംസകൾക്ക്  മറുപടി തന്നില്ല . ഇന്നലെ ഞാനവനെ വിളിച്ചു ഫോൺ എടുത്തില്ല . പന്തികേട് മണത്ത ഞാനവന്റെ വാട്സാപ്പിൽ ദേഷ്യപ്പെട്ട്  തെറിമെസ്സേജ്  അയച്ചു. പത്തിന്റെ പൈസ കയ്യിലില്ലാതെ ഓണം ആഘോഷിക്കാൻ കഴിയാതെ  കൂട്ടുകാരെ നാട്ടുകാരെ കാണാതെ വെറുതെ വീട്ടിൽ വിഷമിച്ചു കഴിയുന്ന അവന്റെ സങ്കടപെട്ട  മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.  കൂലിയുള്ള ഒരു ജോലി കിട്ടിയിട്ട് ആറുമാസത്തിലേറെയായത്രെ . ഏതെങ്കിലും ഒരു ഹോട്ടലിൽ എന്തെങ്കിലും ഒരു ജോലി ശെരിയാക്കി തരാമോ  എന്നാണ് വിതുമ്പികൊണ്ടവൻ എന്നോട്  ചോദിച്ചത് .

സിനിമാ രംഗത്തുള്ള പല കലാകാരന്മാരുടെയും സ്ഥിതി വിഭിന്നമല്ല. മുഖപരിചയമുള്ള മിക്കവാറും എല്ലാ നടന്മാർക്കും നടിമാർക്കും ചെറുതെങ്കിലും അത്യാവശ്യം വേതനമുള്ള  പല പല  ഉത്‌ഘാടനങ്ങൾ കിട്ടുമായിരുന്നു, പക്ഷെ  വാട്സാപ്പ് സെൽഫിയിൽ അതെല്ലാം കുറഞ്ഞു , എല്ലാരുടെയും കണക്കുകൂട്ടലുകൾ കുഴഞ്ഞു, മേനിയഴകുള്ള ചില നടിമാർ ഒഴികെ .. ! പഴയ നടി നടന്മാരുടെയും, പ്രമുഖരായിരുന്ന ചില ടെക്‌നീഷ്യൻസിന്റെ കാര്യം അതിദയനീയമാണ് . പുറമെ നിന്ന് കാണുന്ന അവസ്ഥയിലല്ല പലരും എന്നത് സത്യമാണ് . സിനിമയില്ലെങ്കിൽ പട്ടിണിയാകുന്ന തഴക്കവും പഴക്കവുമുള്ള അനേകരുള്ള ഇടത്തിലേക്കാണ് സിനിമാലോകത്തെ വർണപ്പകിട്ടാർന്ന ജീവിതം മോഹിച്ച്  ഒരുപാട് പുതുമുഖങ്ങൾ ഭാഗ്യപരീക്ഷണത്തിന് വരുന്നതും ചുരുക്കം വിരലിലെണ്ണാവുന്നവർ രക്ഷപെടുന്നതും ബഹുഭൂരിപക്ഷം പലതരം ചൂഷണങ്ങൾക്കിരയാകുന്നതും . 

വാക്കിന് വ്യവസ്ഥയില്ലാത്ത ഒന്നിനും ഉറപ്പില്ലാത്ത യാതൊരു കളറുമില്ലാത്ത കലർപ്പുള്ള സിനിമാലോകം വെറും ബ്ലാക്ക് വൈറ്റ് പടം മാത്രമാണെന്ന്  അനുഭവങ്ങൾ പഠിപ്പിക്കുന്നു . ജീവിക്കാനുള്ള തത്രപ്പാടുകളുടെ ഇടയിലാണ് അപ്പൻ അമ്മ അമ്മാവൻ  അമ്മൂമ്മ അമ്മായിഅമ്മ എന്നിവരുടെ പടലപ്പിണക്കങ്ങളും ചെളിവാരിയെറിയലുകളും. ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറഞ്ഞും പറയിപ്പിച്ചും  മടിശീലയിൽ കനമുള്ള രാഷ്ട്രീയത്തിൽ സമൂഹത്തിൽ സ്വാധീനമുള്ള ' പ്രമുഖർ ' പല്ലിളിക്കുമ്പോൾ , യഥാർത്ഥ കലാകാരന്മാരും കലാകാരികളും ജീവിതം നിലനിർത്താൻ നെട്ടോട്ടമോടുകയാണ് കഷ്ടപ്പെടുകയാണ് ... അവരുടെയൊക്കെ സ്വപ്നങ്ങൾ  ഇന്നല്ലെങ്കിൽ നാളെ ശരിയാകുമായിരിക്കും, അല്ലെ ?