മലയാളിയുടെ പ്രിയങ്കരിയായ നടി കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ആലുവയിലെ വീട്ടിൽ സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ സാംസ്‌കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
ഭൗതിക ശരീരം തോളിലേറ്റി വീട്ടിലേയ്ക്ക് എത്തിക്കാന്‍ നേത്യത്വം നല്‍കിയത് മന്ത്രിമാരായ സുരേഷ് ഗോപിയും മുഹമ്മദ് റിയാസുമാണ്. കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വേദനയോടെ ആദരാഞ്ജലികളുമായി കുറിപ്പ് പങ്കുവച്ചിരുന്നു സുരേഷ് ഗോപി. കവിയൂർ പൊന്നമ്മയുടെ ചിത്രത്തോടൊപ്പം 'മലയാളത്തിൻ്റെ അമ്മക്ക്, എന്‍റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ' എന്ന വാചകമാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ്. പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് ജനനം. ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്. 1962 ൽ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്.1963 ൽ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്‌കാരങ്ങൾ 1971,1972,1973,1994 എന്നീ വർഷങ്ങളിൽ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി.