ഫൈബര്‍ മൃദംഗത്തിന്‍റെ പേറ്റന്‍റ് സ്വന്തമാക്കി സംഗീതഞ്ജന്‍ കുഴല്‍മന്ദം രാമകൃഷ്ണന്‍. മാന്ത്രിക താളത്തിനൊപ്പം, ഭാരക്കുറവ്, ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാനുള്ള ക്ഷമത തുടങ്ങി, പുതുതലമുറ മൃദംഗമായ ശ്രീമൃദുവിനു നിരവധി പ്രത്യേകതകളുണ്ട്. ഒരു വര്‍ഷത്തിലേറെയായി വിവിധ വേദികളില്‍ പരീക്ഷിച്ച് ക്ഷമത ഉറപ്പാക്കിയ ശേഷമാണ് പേറ്റന്റിലേക്ക് നീങ്ങി അംഗീകാരം നേടിയെടുത്തത്
നാല്‍പ്പത് വര്‍ഷത്തിലേറെയായി മൃദംഗ വാദനം സപര്യയായി തുടരുന്ന കുഴല്‍മന്ദം രാമകൃഷ്ണന്‍. അഗ്രഹാരങ്ങളില്‍ താളത്തിന്റെ മാന്ത്രികത നീളെ നീളെ കേള്‍പ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് പുസ്തകത്തിന്റെ താളുകളില്‍ വരെയെത്തിച്ച സംഗീതഞ്ജന്‍.
ശ്രീമൃദുവിന്റെ പിറവിക്കായുള്ള പരിശ്രത്തിലൂടെ മറ്റൊരു പ്രധാന അടയാളപ്പെടുത്തലിനും അദ്ദേഹം ഉടമയായി. സിന്തറ്റിക് റബറും ഫൈബറും കൊണ്ടു നിര്‍മിച്ച പുതുതലമുറ മൃദംഗത്തിന് അഞ്ച് കിലോയാണു ഭാരം. പതിനായിരം രൂപയില്‍ താഴെയാണ് നിര്‍മാണചെലവ്. പരമ്പരാഗത മൃദംഗത്തിനു ഇതിന്റെ ഇരട്ടിയിലേറെ ഭാരമുണ്ടാകും.
ഇതിനകം നിരവധിപേരാണ് ശ്രീമൃദു സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ആരെയും നിരാശപ്പെടുത്താതെ ചിരിയോടെ അടുത്ത സംഗീത പരീക്ഷണത്തിലേക്ക് നീങ്ങുകയാണ് കുഴല്‍മന്ദം രാമകൃഷ്ണന്‍.