wayanad-horsefam

TOPICS COVERED

വയനാട് ചേകാടിയെന്ന സ്വർഗ നാട്ടിലെ കർഷകർ ഇന്ന് ആശങ്കയിലാണ്. കാർഷിക ഗ്രാമത്തിൽ നെൽവയലിൽ തുടങ്ങിയ സ്റ്റഡ് ഫാം നിർമാണം അനധികൃതമാണെന്നാണ് പരാതി. ഗ്രാമത്തിനാകെ വെല്ലുവിളിയായ ഫാമിന് പിന്നിൽ അധികൃതരുടെ മൗനാനുവാദമാണെന്നാണ് ആരോപണം.

 

പുൽപ്പള്ളിക്കടുത്തെ ചേകാടി. വയനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന നാട്. ഭൗമ സൂചിക പദവിയുള്ള സുഗന്ധ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന കൊച്ചു കാർഷിക ഗ്രാമം. മികച്ച കാർഷിക ഗ്രാമത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ നാട്. അവിടെയാണ് കർഷകരുടെയും നാട്ടുക്കാരുടേയും ഉറക്കം കെടുത്തിയുള്ള സ്റ്റഡ് ഫാം നിർമാണം. മൽസര കുതിരകളുടെ പരിശീലന കേന്ദ്രം തുടങ്ങിയത്.

മൂന്നു ഭാഗവും വനത്താൽ ചുറ്റപ്പെട്ട കേന്ദ്രം. നെൽ വയലിലാണ് ഇവിടെ നിർമാണം തകൃതിയായി നടക്കുന്നത്. ഫാമിന് അനുമതിയുണ്ടോയന്ന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരേയും കൃഷി വകുപ്പുദ്യോഗസ്ഥരേയും വനം വകുപ്പിനേയും വിളിച്ചന്വേഷിച്ചു, ആരും അനുമതി കൊടുത്തില്ല. അതായത് ഉദ്യോഗസ്ഥരുടെ ഒത്താശയിൽ നൂറു കണക്കിനു കർഷകരേയും പ്രദേശവാസികളേയും നാട്ടുക്കാരെയും നോക്കുകുത്തിയാക്കിയാണ് നിർമാണം.

വ്യാപകമായി മണ്ണെടുത്തതോടെ സമീപത്തെ വീടുകളും തകർച്ച ഭീഷണിയിലായി. വലിയ ചാലുകളും കുതിരാലയവും ഷെഡുകളും ഏറുമാടങ്ങളും കുളവും നിർമിച്ചു. ഒന്നിനും അനുമതിയില്ല. വനത്തോട് ചേർന്ന ഭാഗമായിട്ടും വകുപ്പിന് അറിഞ്ഞ ഭാവമില്ല. 20 ഏക്കർ ഭൂമിയാണ് പനമരം സ്വദേശിയായ പ്രവാസി വ്യവസായി ഇതിനായി വാങ്ങിയത്. സ്റ്റഡ് ഫാമിന്റെ മറവിൽ റിസോർട്ട് നിർമാണമാണ് ഉദ്ദേശമെന്നാണ് പ്രദേശവാസികളുടെ പരാതി.

ഫാം നിർമാണം പ്രദേശത്തെ ആദിവാസി കുടുംബങ്ങളെയും ബാധിച്ചു. വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശത്തെ കർഷകർ.

ENGLISH SUMMARY:

Farmers in Chekadi, a picturesque village in Wayanad, are deeply concerned. There are complaints that the construction of a stud farm, which began in the paddy fields of this agricultural village, is illegal.