TOPICS COVERED

ദക്ഷിണേന്ത്യയെ ഇളക്കി മറിച്ച താരസൗന്ദര്യം വിടവാങ്ങിയിട്ട് ഇന്ന് 28 വര്‍ഷങ്ങള്‍ . സൗന്ദര്യസങ്കല്‍പ്പങ്ങളുടെ പൂര്‍ണതയായിരുന്നു സില്‍ക് സ്മിത. 1996ല്‍  സില്‍ക് ജീവിതം അവസാനിപ്പിച്ചെങ്കിലും ആരാധകര്‍ക്കിടയില്‍ ഇന്നും അവര്‍ ജ്വലിച്ച് കൊണ്ടേയിരിക്കുന്നു. മരണശേഷവും ആഘോഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത വിസ്മയമാണ് സില്‍ക് സ്മിത.

വശ്യമായ കണ്ണുകള്‍. കാന്തം പോലെ ആകര്‍ഷിക്കുന്ന ചിരി.. ആരും നോക്കിപ്പോകുന്ന ശരീര വടിവ്.. സൗന്ദര്യസങ്കല്‍പ്പങ്ങളുടെ പൂര്‍ണത.. അതായിരുന്നു സില്‍ക് സ്മിത. ആന്ധ്രയിലെ ഏലൂരെന്ന കൊച്ചുഗ്രാമത്തില്‍ 1960–ല്‍ ജനനം. ദാരിദ്ര്യം കാരണം നാലാംക്ലാസില്‍ പഠിപ്പ് നിര്‍ത്തി. 14–ാം വയസില്‍ വിവാഹം. ദുരിതപൂര്‍ണാമായിരുന്ന വിവാഹജീവിതം അവസാനിപ്പിച്ച് വെള്ളിത്തിരയുടെ മാന്ത്രികത തേടി അവള്‍ കോടമ്പാക്കത്തേക്കി വണ്ടികയറി. ആന്ധ്രാക്കാരി വിജയലക്ഷ്മിയില്‍ നിന്ന് മാദകത്വം കൊണ്ട് തീയറ്ററുകളെ ഇളക്കമറിച്ച സില്‍ക് സ്മിതയിലേക്ക് പുനര്‍ജനിക്കുകയായിരുന്നു പിന്നീട് 

1980–ല്‍ പുറത്തിറങ്ങിയ തമിഴ്ച്ചിത്രം വണ്ടിച്ചക്രമാണ് കരിയറില്‍ ബ്രക്ക് ത്രൂ നല്‍കിയത്. അതിലെ സില്‍ക്കെന്ന കഥാപാത്രത്തിന്റെ പേര് കൂടെക്കൂട്ടി. 80–കളിലെ ദക്ഷിണേന്ത്യന്‍ സിനിമകളിലെ അവിഭാജ്യഘടകമായി പിന്നീടവര്‍ മാറി. കൗമാരവും യൗവ്വനവുമെല്ലാം വെള്ളിത്തിരയില്‍ അവരെ കാണാന്‍ ടിക്കറ്റെടുത്തെത്തി. സില്‍ക്കിന്റെ മാദകസൗന്ദര്യവും ചടുലമായ ചുവടുകളും തെന്നിന്ത്യന്‍ സിനിമയുടെ വിജയമന്ത്രമായി മാറി. പോസ്റ്ററുകളില്‍ നായിക–നായകന്‍മാരേക്കാള്‍ പ്രാധാന്യത്തോടെ സില്‍ക്കിന്റെ ചിത്രം ഇടംപിടിച്ചു. 17 വര്‍ഷത്തിനിടയില്‍ 450 ഓളം ചിത്രങ്ങളില്‍ പല രൂപത്തില്‍ ഭാവത്തില്‍ അവരെത്തി. ശിവാജി ഗണേഷന്‍, രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി എന്നിവരുടെ സിനിമകള്‍ പോലും സില്‍ക്കിന്റെ ഡേറ്റുകള്‍‍ക്കൊപ്പിച്ച് ചിത്രീകരിക്കേണ്ടി വന്നു. 

പുതിയ ഗ്ലാമര്‍ നടിമാരുടെ കടന്നുവരവ് സില്‍ക്കിന്റെ അവസരങ്ങളില്‍ പതുക്കെ ഇടിവ് വരുത്തി. യുവസംവിധായകനുമായുള്ള പ്രണയത്തകര്‍ച്ചയും അവരെ വല്ലാതെ തളര്‍ത്തി. തനിക്ക് ചുറ്റം ആരാധകവൃന്ദത്തെ സൃഷ്ടിച്ചെങ്കിലും ആള്‍ക്കൂട്ടത്തിലവര്‍ തനിച്ചായിരുന്നു. ഇന്‍‍ട്രോവേര്‍ട്ടായ സില്‍ക്കിനെ അഹങ്കാരിയെന്ന് എല്ലാവരും മുദ്രകുത്തി. അതിനാല്‍  അടുത്ത സുഹൃത്തുക്കളെന്ന് പറയാവുന്നവരും അത്രകണ്ട് കുറവായിരുന്നു. 1996 സെപ്തംബര്‍ 23ന് എല്ലാവരേയും ഞെട്ടിച്ച് ഒരു സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ചു. അന്നവര്‍ക്ക് പ്രായം വെറും 36 വയസ്.. എന്തിന് സില്‍ക് ജീവനെടുത്തു എന്നതിന് 28 വര്‍ഷത്തിനിപ്പുറവും ഉത്തരം ഉണ്ടായിട്ടില്ല. ഐറ്റം ഡാന്‍സിനും മേനി പ്രദര്‍ശനത്തിനും അപ്പുറം ഒരു മികച്ച അഭിനേത്രിയായിരുന്നു അവര്‍. മരണശേഷവും അത്രകണ്ട് അവര്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അത് കൊണ്ടാണ് സില്‍ക്കിന്റെ ജീവിതം ഇതിവൃത്തമാക്കി പുറത്തിറങ്ങിയ ചിത്രങ്ങളും വിജയം രുചിച്ചത്. ആ കരിമഷിക്കണ്ണുകളും വശ്യമായ പുഞ്ചിരിയും ചടുലമായ നൃത്തച്ചുവടുകളുമെല്ലാം സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നും ക്ലാവ് പിടിക്കാത്ത ഓര്‍മകളാണ്

ENGLISH SUMMARY:

It's been 28 years today since the star beauty who rocked South India passed away.