തീവിലയാണ് നാരങ്ങയ്ക്ക് . എന്നാല്‍ നാരങ്ങ ഒരു ജീവിനോപാധിയാക്കി മാറ്റാനുറപ്പിച്ചിരിക്കുകയാണ് കൊല്ലം വിളക്കുടി ഇളമ്പല്‍ ചീയോട് പണിക്കശരി വീട്ടില്‍ രാജന്‍ മാത്യു. വീട്ടുവളപ്പിലെ റബര്‍മരങ്ങള്‍ മുറിച്ചുമാറ്റി പകരം നാരകം നട്ടുവളര്‍ത്തി. ഇപ്പോള്‍ സ്വന്തമായള്ള 88 സെന്‍റ് സ്ഥലം നാരകത്തോട്ടമാണ്. നൂറു മൂട് നാരകത്തിലൂടെ ഇപ്പോള്‍ ദിവസവും വരുമാനം ലഭിക്കും. ഏകദേശം അരലക്ഷം രൂപ ഒരുമാസം ലഭിക്കുന്നതായി രാജന്‍ മാത്യു പറയുന്നു.
പ്രവാസി മലയാളിയായ രാജന്‍ മാത്യു കോവിഡ് കാലത്ത് നാട്ടിലുളളപ്പോള്‍ നാരങ്ങാവാങ്ങാനായി ചന്തയിലെത്തിയതാണ് കൃഷിക്ക് പ്രചോദനമായി. വിപണയില്‍ നാരങ്ങ കിലോയ്ക്ക് ഇരുനൂറ്റിഅന്‍പതു രൂപയെന്ന് കേട്ടപ്പോള്‍ ഞെട്ടി. അങ്ങനെയാണ് റബറിന് പകരം നാരകം വളര്‍ത്തി വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതും കൃഷിക്കിറങ്ങിയതും.
പല സ്ഥലങ്ങളില്‍ നിന്നായി കൊണ്ടുവന്ന നാരകതൈകളാണ് നട്ടത്. ഒരുവര്‍ഷം കഴിഞ്ഞപ്പോഴേക്കും കായപിടിച്ചു. പ്രത്യേകിച്ച് സീസണ്‍ ഒന്നുമില്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും വിളവെടുക്കാം. ആവശ്യക്കാര്‍ നേരിട്ടെത്തും. കൃഷിവകുപ്പ് വിപണി മുഖേനയും വില്‍പ്പനയുണ്ട്. രാജന്‍ മാത്യുവിന്‍റെ ഭാര്യ ജയയും മക്കളുമൊക്കെ കൃഷിയിടത്തില്‍ സജീവം. കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.