pv-anwar-kk-rema

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച് പി വി അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ അന്‍വറിനുള്ള മറുപടി ‘ഇന്നോവയോ മാഷാ അള്ളായോ’ എന്ന ചോദ്യം ഉന്നയിച്ച് കെ.കെ രമ. ഫെയ്സ്ബുക്കിലൂടെയായിരുന്നു കെ.കെ രമയുടെ പ്രതികരണം. 

പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്ത അൻവർ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. അതേ സമയം എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂര്‍ എംഎൽഎ പി വി അൻവർ. പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read : ‘റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി..?; വിധേയപ്പെട്ട് നില്‍ക്കാന്‍ സൗകര്യമില്ല’

അഴിമതിക്കാരനായ എഡിജിപിയെ മുഖ്യമന്ത്രി താലത്തിൽ വച്ച് കൊണ്ടു നടന്ന് സംരക്ഷിക്കുകയാണെന്നും പാർട്ടി സഖാക്കൾ ഇക്കാര്യം അറിയണമെന്നും പി വി അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. 'എഡിജിപിക്കെതിരെ തെളിവു നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. നാല് ഡോക്യൂമെന്റ് ഞാൻ ഞാൻ ഡിജിപിക്ക് കൊടുത്തു. അജിത് കുമാറിന്റെ കോടിക്കണക്കിന് വിലയുളള പ്രോപ്പർട്ടി ഡീറ്റേൽസാണ് നൽകിയത്. കളളപ്പണ ഇടപാടിന്റെ ഭാഗമായിരുന്നു ഇത്. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ തെളിവു നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തത്. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട രേഖകളായിരുന്നു ഡിജിപിക്ക് നൽകിയത്. അധികാര ദുർവിനിയോഗത്തിലൂടെയാണ് അജിത്ത് കുമാർ എല്ലാം നടത്തിയത്. ഫെബ്രുവരി 19 ാം തിയ്യതി 30 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിൽ 60 ലക്ഷത്തിന് വിറ്റു. കളളപ്പണം വെളുപ്പിക്കുകയായിരുന്നു. അഴിമതിക്കാരനായ എ.ഡി.ജി പിയെ മുഖ്യമന്ത്രി താലത്തിൽ വച്ച് കൊണ്ടു നടക്കുകയാണ് ’ അന്‍വര്‍ പറഞ്ഞു.