പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ നൃത്തനാടക രൂപത്തില്‍. കോഴിക്കോട്ടെ ഒരു സംഘം കലാകാരികളുടേതാണ് ഉദ്യമം. ജീവിതം മണക്കുന്ന കഥകളും ഭാവനയേക്കാള്‍ ആവേശം നല്‍ക്കുന്ന എഴുത്തുകാരിയുടെ ജീവിത മുഹൂർത്തങ്ങളും കൂട്ടിയിണക്കിയാണ് ദൃശ്യാനുഭവം ഒരുക്കിയത്. ത്രിനേത്ര ഫെർമോങ് ആർട്സ് എന്ന സംഘമാണ് ഇതിന് പിന്നില്‍.
മനസിലും എഴുത്തിലും എപ്പോഴും ഉന്മാദം കണ്ടെത്തിയ ആളായിരുന്നു കമല സുരയ്യ എന്ന മാധവിക്കുട്ടി. സ്നേഹത്തിന്‍റെയും സ്വാതന്ത്രത്തിന്‍റെയും ഉന്മാദം. മാധവികുട്ടിയുടെ സ്നേഹത്തെയും ഉന്മാദത്തെയും ആരാധിച്ചവരാണ് ഈ പെണ്‍കൂട്ടവും. പ്രണയച്ചുവയുള്ള ആ എഴുത്തുലോകത്തിന് കല കൊണ്ടുള്ള ആദരമാണിത്. കൊതിയോടെ വായിച്ച കഥാപാത്രങ്ങളെ കല കൊണ്ട് പുനര്‍ജനിപ്പിക്കാനുള്ള ശ്രമം.
കമലയില്‍ നിന്ന് മാധവിക്കുട്ടിയായി വളര്‍ന്ന് സുരയായി പരിണമിച്ച ജീവിതം മുഴുവന്‍ ചേര്‍ത്താണ് നൃത്തരൂപം ഒരുക്കിയിട്ടുള്ളത്. ചെറുകഥയിലെ സംഭാഷണങ്ങളാണ് നാടകരൂപത്തില്‍ അവതരിപ്പിക്കുന്നത്. ദുഖത്തിന്‍റെ ഏത് തീയില്‍ ജീവിതം എരിഞ്ഞാലും അതില്‍ നിന്ന് സ്നേഹത്താല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മാധവിക്കുട്ടിയെയാണ് റിയയും സംഘവും അരങ്ങില്‍ എത്തിച്ചത്. മാധവിക്കുട്ടിയുടെ എഴുത്തിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത ഒന്നാകും ഈ ദൃശ്യാനുഭവം.