കൊല്ലം പുത്തൂരിനടുത്ത് വെണ്ടാറില്‍ കിണറ്റില്‍ വീണ വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ എസ്.ഐ നടത്തിയ പരിശ്രമം മനസ്സാന്നിധ്യത്തിന്‍റെ ഉത്തമ ഉദാഹരണമായി. വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണിറ്റിലാണ് വീട്ടമ്മ വീണത്. വിവരമറിഞ്ഞ് ആദ്യമെത്തിയത് പുത്തൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.ജെ.ജയേഷും പൊലീസുകാരുമായിരുന്നു. ഉടന്‍ ശാസ്താംകോട്ട ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തെ വിവരമറിയിച്ചു.

വെള്ളത്തില്‍ മുങ്ങിത്താണ വീട്ടമ്മയ്ക്ക് ജീവനുണ്ടെന്ന് തോന്നിയ നിമിഷം എസ്.ഐ. ജയേഷ് അഗ്നിശമന സേനയെ കാത്തുനില്‍ക്കാതെ കിണിറ്റിലിറങ്ങി. അര്‍ധബോധാവസ്ഥയിലായിരുന്നു സ്ത്രീ. ആഴമുള്ള കിണറ്റില്‍ നിന്ന് ഒറ്റയ്ക്ക് പുറത്തെത്തിക്കുക അസാധ്യം. ഉപകരണങ്ങളുമില്ല. ആകെ ചെയ്യാവുന്നത് അഗ്നിശമനസേന എത്തുംവരെ ജീവാപായം ഉണ്ടാകാതെ നോക്കുക. 

ഒടുവില്‍  ജയേഷ് വീട്ടമ്മയെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി താങ്ങി നിര്‍ത്തി. ശാസ്താംകോട്ടയില്‍ നിന്ന് ഫയര്‍ഫോഴ്സിന്‍റെ രക്ഷാപ്രവര്‍ത്തകര്‍ എത്തുംവരെ സ്വന്തം ജീവന്‍ പണയം വച്ച് ജയേഷ് നടത്തിയ ഇടപെടല്‍ ഒരു ജീവന് തുണയായി. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി വീട്ടമ്മയെ സുരക്ഷിതയായ കരയ്ക്കുകയറ്റി. 

പൊലീസില്‍ ചേരുംമുന്‍പ് പത്തുവര്‍ഷത്തോളം ജയേഷ് ഫയര്‍ഫോഴ്സില്‍ജോലി ചെയ്തിരുന്നു. ഈ അനുഭവമാണ് വെണ്ടാറിലെ വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ചത്. പൊലീസില്‍ ചേര്‍ന്ന ശേഷവും ഇത്തരത്തിൽ പലതവണ ജയേഷ് മനുഷ്യജീവന്‍റെ കാവലാളായിട്ടുണ്ട്.