ശബരിമലയില്‍ പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിട്ട് കേരള പൊലീസ്. ‘ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തിയ കുഞ്ഞയ്യപ്പനെ സഹായിക്കുന്ന പോലീസുദ്യോഗസ്ഥർ’ എന്നു കുറിച്ചാണ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പങ്കിട്ടത്. ‘സുരക്ഷിതം... ഈ കൈകളില്‍...’ എന്നും ഫോട്ടോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.
അതേസമയം, പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഫോട്ടോയ്ക്ക് താഴെ കേരള പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ‘ഇതുപോലെ നൂറുകണക്കിന് സഹായങ്ങൾ ഈ പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നു. ഒരു ചെറിയ ഫോട്ടോ എടുത്തതിന് നാടുകടത്താൻ നോക്കുകയാണ് ചില മാധ്യമങ്ങളും സംഘപരിവാരും പിന്നെ ചില സർക്കാർ വിരുദ്ധരും. എല്ലാം ആചാരലംഘനങ്ങൾ ആണെങ്കിൽ പിന്നെന്തു പറയാന്‍’ എന്നാണ് ഒരാള്‍ പോസ്റ്റിനു താഴെ കുറിച്ചത്.
‘ഞാൻ ചെറുപ്പത്തിൽ പോയപ്പോഴും നല്ലൊരു പൊലീസ് അങ്കിൾ എടുത്ത് ആണ് എന്നെ അയ്യനെ കാണിച്ചു തന്നത്, അല്ലെങ്കിലും ഞങ്ങൾക്കു നിങ്ങൾ സൂപ്പർ ആണ്, ഈ മണ്ഡലകാലത്തെ പോലീസ് സേവനം അഭിനന്ദനം അർഹിക്കുന്നതാണ്’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍. ‘വർഷാവർഷം നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ് അതിനിങ്ങനെയൊരു ഫോട്ടോഷൂട്ടിന്റെ ആവശ്യമുണ്ടായിരുന്നില്ല, അതിന് തന്നെ അല്ലെ അവിടെ പോലീസുകാരെ നിയോഗിച്ചിട്ടുള്ളത്’ എന്നിങ്ങനെ വിമര്‍ശിച്ചും കമന്‍റുകള്‍ വരുന്നുണ്ട്.
അതേസമയം പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദത്തില്‍ 23 പൊലീസുകാരെ നല്ലനടപ്പിനായി കണ്ണൂര്‍ കെഎപി ക്യാംപിലേക്ക് മാറ്റി. പൊലീസുകാര്‍ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് അനാവശ്യ വിവാദമുണ്ടാക്കിയെന്നത് കണക്കിലെടുത്താണ് എഡിജിപി, എസ്.ശ്രീജിത്തിന്‍റെ നടപടി. പേരൂര്‍ക്കട എസ്എപി ക്യാംപിലുള്ള ഉദ്യോഗസ്ഥരെ കണ്ണൂര്‍ ക്യാംപിലേക്ക് മാറ്റി നല്ല നടപ്പ് ശിക്ഷ നല്‍കാനാണ് തീരുമാനം. തീവ്ര പരിശീലനവും നല്‍കും. സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
സീസണ്‍ തുടങ്ങിയതുമുതല്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാന്‍ നേരമാണ് ഫോട്ടോയെടുത്ത്. 24 നു ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്ര നട അടച്ചതിനുശേഷം 1.30 നാണ് പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ കയറിയുള്ള ഫോട്ടോഷൂട്ട്. പുറംതിരിഞ്ഞുനിന്നെടുത്ത് നിന്നെടുത്ത ഫോട്ടോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ വലിയ വിവാദമാവുകയും ഹൈക്കോടതി വിശദീകരണം ചോദിക്കുകയുമായിരുന്നു. ഇതോടെ സന്നിധാനം സ്പെഷൽ ഓഫീസർ കെ.ഇ.ബൈജുവിനോട് എ.ഡി.ജി.പി, എസ്.ശ്രീജിത്ത് വിശദീകരണം ചോദിച്ചു. പതിനെട്ടാംപടിയുടെ വശത്ത് ഇരുന്നും നിന്നുമാണ് ഭക്തരെ പടികയറാന്‍ പൊലീസുകാര്‍ സഹായിക്കുന്നത്. എന്നാല്‍ ഇതുവരെ ആരും പതിനെട്ടാംപടിയില്‍ കയറിനിന്നു ഷോട്ടോഷൂട്ട് നടത്തിയിട്ടില്ല.