book-release-about-sashi-tharoor

ഡോ: ശശി തരൂർ എംപിയുമൊത്തുള്ള അനുഭവക്കുറിപ്പുകൾ കോർത്തിണക്കിക്കൊണ്ട് മാനേജ്മെന്റ് വിദഗ്ധനും യുവ എഴുത്തുകാരനുമായ ഫസലുറഹ്മാൻ എഴുതിയ ' വിസ്മയപ്രതിഭ' എന്ന പുസ്തകം പുറത്തിറങ്ങി. ഉമാ തോമസ് എംഎൽഎയ്ക്ക്  ആദ്യ കോപ്പി നൽകിക്കൊണ്ട് ഡോ: മാത്യു കുഴൽനാടൻ എംഎൽഎയാണ്  പ്രകാശന കർമ്മം നിർവഹിച്ചത്. ഡോ ശശി തരൂരിന്റെ സഹോദരിയും എഴുത്തുകാരിയുമായ ശോഭ തരൂർ ശ്രീനിവാസനാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത്. 

തരൂർ ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്യുമ്പോൾ മുതൽ അദ്ദേഹത്തെ വീക്ഷിക്കുകയും പിന്നീട് ഒരുമിച്ചു പ്രവർത്തിക്കുവാൻ കഴിഞ്ഞതിന്റെയും അനുഭവക്കുറിപ്പികളാണ് ഫസലുറഹ്മാൻ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മനോരമ ന്യൂസിൽ നടത്തിയിട്ടുള്ള ചാനൽ ചർച്ചകളും മനോരമ ന്യൂസ് മേക്കർ  പുരസ്കാര ചടങ്ങിൽ പങ്കെടുത്തതിന്റെ ഓർമ്മകളും പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 

ഗ്രൂപ്പ് മീരാൻ ചെയർമാനും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ നവാസ് മീരാൻ, ഓക്സിജൻ ഡിജിറ്റൽ സി ഈ ഒ ഷിജോ തോമസ് , എംപി ജോസഫ് ഐഎഎസ്, അഡ്വ ടി പി എം ഇബ്രാഹിം ഖാൻ, ആർ റോഷൻ, ആർ ജെ നീന മേനോൻ തുടങ്ങിയവർ പങ്കെടുത്തു. ശോഭ തരൂർ, ഡോ എസ് എസ് ലാൽ തുടങ്ങിയവർ വിദേശത്തുനിന്ന് ഓൺലൈനായും ചടങ്ങിൽ സംബന്ധിച്ചു. വിനീത് ശ്രീനിവാസനുമൊത്തുള്ള അനുഭവക്കുറിപ്പുകൾ പങ്കിട്ടുകൊണ്ട് എഴുതിയ 'വിനീത വിസ്മയം' ആയിരുന്നു ഫസലുറഹ്മാന്റെ ആദ്യ പുസ്തകം.