TOPICS COVERED

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സിംഹവാലന്‍ കുരങ്ങന്‍റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെ നമ്പര്‍ വണ്‍ ഗേറ്റിന് സമീപത്തുള്ള പാലമരത്തില്‍ കണ്ടെത്തിയ സിംഹവാലന്‍ കുരങ്ങന്‍ താഴേക്കിറങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കി. ആര്‍ക്കും പിടികൊടുക്കാതെ വന്നതുപോലെ മുങ്ങിയ കുരങ്ങന്‍ വീണ്ടും പ്രത്യക്ഷപ്പെടുമോ എന്നു നോക്കിയിരിക്കുകയാണ് ജീവനക്കാര്‍.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ഒരു പതിവ് ദിവസം. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരാള്‍ വാലും പൊക്കി ചാടി പോകുന്നു. എങ്ങുനിന്നോ വന്ന ഒരു സിംഹവാലന്‍ കുരങ്ങ്. കണ്ണൂരിലേക്ക് പോകാന്‍ മുഖ്യമന്ത്രി എത്തിയ സമയത്ത് തന്നെയായിരുന്നു വാനരന്‍റെയും വരവ്. വന്‍ പൊലീസ് സന്നാഹത്തേയും സുരക്ഷാ ഉദ്യോഗസ്ഥരെയും കണ്ട ഭാവം നടിക്കാതെ കക്ഷി വിമാനത്താവളത്തിലൂടെ കറ‍ങ്ങിനടന്നു. കുരങ്ങന്‍റെ വിക്രിയകള്‍ കാണാന്‍ ആളും കൂടി. കുരങ്ങിനെന്ത് റണ്‍വേ.. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആധിയായി. വനം വകുപ്പ് ജീവനക്കാര്‍ എത്തി കുരങ്ങനെ തളയ്ക്കാന്‍ പരിപാടി തുടങ്ങി.

കുരങ്ങനുണ്ടോ പിടികൊടുക്കുന്നു. പല വഴിക്കും ചാടി നടന്ന് സാറുമ്മാരെ വട്ടം കറക്കി, കുരങ്ങന്‍ എവിടെയോ ഒളിച്ചു. കുറച്ചുനേരം കൂടി കറങ്ങിനടന്ന് ഒടുവില്‍ വനപാലകരും മടങ്ങി. അടുത്തെങ്ങും കാടോ മൃഗശാലയോ ഇല്ലാത്ത നെടുമ്പാശേരി വിമാനത്താവളത്തില്‍ എങ്ങനെ സിംഹവാലന്‍ കുരങ്ങനെത്തി എന്ന് അന്തം വിട്ടരിക്കുകയാണ് അധികൃതര്‍.

ENGLISH SUMMARY:

A lion-tailed macaque caused quite a stir at Kochi's Nedumbassery airport. The monkey was spotted yesterday afternoon in a banyan tree near Gate No. 1, and once it came down, it kept the security personnel on their toes with its playful antics.