ഇടുക്കി കട്ടപ്പന അമ്മിണി വധകേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. 63 വയസുകാരി അമ്മിണിയെ മോഷണ ശ്രമത്തിനിടെ പ്രതി മണി കഴുത്തില്‍ കത്തിക്കുത്തിയിറക്കി കൊല്ലുകയായിരുന്നു. വിവിധ വകുപ്പുകളിലായി പ്രതി 23 വർഷം തടവു ശിക്ഷ അനുഭവിക്കണം. ഇടുക്കി ജില്ല അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്
കുന്തളം പാറ സ്വദേശി അമ്മിണിയെ 2020 ജൂലൈ മൂന്നിനാണ് എസ് ജി കോളനി സ്വദേശിയായ മണി വീട്ടിൽ കയറി ആക്രമിച്ചത്. കടന്നു പിടിക്കാനുള്ള ശ്രമം തടഞ്ഞതോടെ മണി കത്തി ഉപയോഗിച്ച് അമ്മിണിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിയ പ്രതി മരണം ഉറപ്പിക്കാന്‍ തിരിച്ചെത്തി.
വീട് പൂട്ടിയതിനാൽ അമ്മിണി തമിഴ്നാട്ടിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പോയെന്നായിരുന്നു നാട്ടുകാർ കരുതിയത്. മൂന്നുദിവസത്തിനുശേഷം തിരികെയെത്തിയ മണി അമ്മിണിയുടെ മൃതദേഹം വീടിനു സമീപത്തെ ശുചിമുറിയിൽ കുഴിച്ചുമൂടി.
തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ തേനിയിൽ വച്ചാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. മോഷണം,അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മണിക്കെതിരെ കേസെടുത്തത്. ദൃക്സാക്ഷികൾ ഇല്ലാഞ്ഞിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.