manaf-arjun

ലോറി ഉടമ മനാഫ് തന്റെ ലോറിക്ക് അര്‍ജുന്‍ എന്ന പേരിടരുതെന്ന് കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തില്‍ തീരുമാനത്തിലുറച്ച് മനാഫ്. ഞാന്‍ അര്‍ജുന്‍ എന്നുതന്നെ പേരിടും, ടാറ്റാ, ബിര്‍ളാ, പെപ്സി, കൊക്കകോള പോലെ റജിസ്റ്റേഡ് പേരാണോ അര്ജുന്‍ എന്ന് മനാഫ് ചോദിക്കുന്നു. ഇന്റെ ലോറി, അതിന് ഞാന്‍ എനിക്ക് ഇഷ്ടമുള്ള പേരിടുമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. 

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ  കുടുംബം ഇന്നലെയാണ്  ലോറി ഉടമ മനാഫിനെതിരെ രംഗത്തെത്തിയത്. അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പി.ആര്‍. ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്‍റെ കുടുംബം  വാര്‍ത്താസമ്മേളനം വിളിച്ച് ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍ നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്ത് വന്ന് നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം. 

അതേസമയം പതിനായിരം സബ്സ്ക്രൈബേഴ്സ് മാത്രമുണ്ടായിരുന്ന മനാഫിന്റെ യുട്യൂബ് ചാനലിന് ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം പേരാണ് സബ്സ്ക്രൈബേഴ്സായി എത്തിയത്.  ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് നിറയുന്നത്. രാഷ്ട്രീയ– വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നതാണ് പ്രധാനമായി ഉയര്‍ന്നു വന്ന ആരോപണം. ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്‍റെ ഈഗോ കാരണം മനാഫ്ക്ക വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. മനാഫിന്‍റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിന് ശേഷം വേറെ വിഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു. 

 
Lorry owner Manaf reaction:

Lorry owner Manaf decided to name his lorry as Arjun as his family asked him not todo .