എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച മുതല്‍ പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ചുള്ള മലപ്പുറം വിരുദ്ധ പരാമര്‍ശം വരെ നീണ്ട വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും നടപടിയും കാത്ത് കേരളം. വിവാദങ്ങള്‍ ആളിക്കത്തിയ ശേഷം മുഖ്യമന്ത്രി ഓഫീസിലെത്തുന്ന ആദ്യ പ്രവര്‍ത്തി ദിനമായതിനാലാണ് ഇന്ന് നിര്‍ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദ് ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ മലപ്പുറം വിരുദ്ധ ഭാഗം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് പി.ആര്‍ ഏജന്‍സിയെന്ന് പത്രം വ്യക്തമാക്കി രണ്ട് രാത്രിയും ഒരു പകലും കഴിഞ്ഞിട്ടും നിഷേധിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല.
പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വിശദമായി മറുപടി പറയുമെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞ് അഞ്ചാം ദിവസമാകുമ്പോളും അതിലും പ്രതികരണമില്ല. അതിനാല്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യങ്ങളില്‍ മറുപടി പറയുമോയെന്നാണ് ആകാംക്ഷ. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:അജിത് കുമാറിനെ മാറ്റും; സി.പി.ഐയ്ക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി
തൃശൂര്‍ പൂരം കലക്കലില്‍ തുടര്‍ അന്വേഷണം നിര്‍ദേശിച്ചുള്ള ആഭ്യന്തരസെക്രട്ടറിയുടെ ശുപാര്‍ശയും ആറ് ദിവസമായി നടപടിയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ ഈ രണ്ട് കാര്യങ്ങളില്‍ ഇന്ന് നടപടിയുണ്ടാകുമോയെന്ന് പ്രതിപക്ഷത്തേക്കാള്‍ ആകാംക്ഷയില്‍ ഭരണപക്ഷവും കാത്തിരിക്കുകയാണ്.