തിരുവനന്തപുരം വിതുരയില്‍ ഉപയോഗമില്ലാത്ത കിണറ്റില്‍ വീണ കാട്ടുപോത്തിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. കിണറിന്‍റെ ഒരുഭാഗത്തെ മണ്ണ് നീക്കം ചെയ്ത ശേഷം കയറുകെട്ടി പോത്തിനെ വലിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു. കാലിന് പരുക്കേറ്റ പോത്തിന് ചികില്‍സ നല്‍കിയ ശേഷം കാട്ടിലേക്ക് വിട്ടു.
പരുത്തിപ്പള്ളി വനം റേഞ്ച് പരിധിയില്‍ വിതുര മാങ്കാലയിലെ സ്വാകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള ഉപയോഗമില്ലാത്ത കിണറ്റിലാണ് കാട്ടുപോത്ത് അകപ്പെട്ടത്. രാവിലെ റബര്‍ വെട്ടാനെത്തിയ തൊഴിലാളിയാണ് ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ പരുത്തിപ്പള്ള റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വിതുര ഫയര്‍ഫോ ഴ്സും പൊലീസും നാട്ടുകാരു ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം മണിക്കൂറുകള്‍ നീണ്ടുനിന്നു. ഇടുങ്ങിയ കിണറായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ആദ്യം കിണറിന്‍റെ ഒരു ഭാഗത്തെ മണ്ണ് മാറ്റി പോത്തിന് കരയിലേക്ക് വരാനുള്ള വഴി ഒരുക്കി. കാലിന് പരുക്കേറ്റതിനാല്‍ പോത്ത് കയറി വന്നില്ല. തുടര്‍ന്ന് മയക്കുവെടിവച്ചശേഷം വലിച്ച് കരയിലേക്ക് കയറ്റാനുള്ള ആലോചന നടന്നു. മയക്കുവെടി വേണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ ജെ.സി.ബി ഉപയോഗിച്ച് കയര്‍ കെട്ടി വലിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു. ചികിത്സ നല്‍കിയ ശേഷം പോത്തിനെ കാട്ടിലേക്ക് കടത്തിവിടും.