കേരളത്തിന്‍റെ ആദ്യ വിശ്വപൗരനെന്ന വിശേഷണം നേടിയ മുന്‍ പ്രതിരോധമന്ത്രി വി.കെ.കൃഷ്ണമേനോന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് 50 ആണ്ട്. ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങളിലും പ്രതിരോധ രംഗത്തും കൃഷ്ണമേനോന്‍ നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്.
വി.കെ.കൃഷ്ണമേനോന്‍ എന്ന മലയാളിയുടെ വാക്കുകള്‍ക്ക് രാജ്യം മാത്രമല്ല ലോകം തന്നെ കാതോര്‍ത്തു. ഇന്ത്യയുടെ വിദേശ നയം, രാജ്യന്തര പ്രതിസന്ധികള്‍, പ്രതിരോധ രംഗത്തെ വെല്ലുവിളികള്‍, എല്ലാത്തിലും കൃഷ്ണമേനോന്‍ ബുദ്ധിപൂര്‍വം തീരുമാനങ്ങളെടുത്തു. നയതന്ത്രജ്‍ഞതയും രാഷ്ടതന്ത്രജ്‍ഞതയും ഇഴചേര്‍ന്നപ്പോള്‍ അദ്ദേഹം വിശ്വപൗരനായി.
കോഴിക്കോട് പന്നിയങ്കരയില്‍ 1896ല്‍ ജനിച്ച കൃഷ്ണമേനോന്‍ ഇംഗ്ലണ്ടിലായിരിക്കെ ആ പ്രതിഭ തിരിച്ചറിഞ്ഞ് ജവഹര്‍ലാല്‍ നെഹ്രുവാണ് ഡല്‍ഹിയിലേക്ക് വിളിക്കുന്നത്. പിന്നീട് ചേരിചേരാ നയമടക്കം വിദേശകാര്യങ്ങളില്‍ നെഹ്രുവിന്‍റെ പ്രധാന തീരുമാനങ്ങളെല്ലാം കൃഷ്ണമോനോന്‍റെ ഉപദേശങ്ങളനുസരിച്ചായിരുന്നു.
പ്രതിരോധ മന്ത്രിയായിരിക്കെ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ സൈന്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിച്ചു. പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ DRDO രൂപീകരിച്ചതോടെയാണ് ആയുധങ്ങള്‍ക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറഞ്ഞത്. ചൈനയുമായുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടിന് അദ്ദേഹം പഴികേട്ടു. എന്നാല്‍ ആ നിലപാടിനെ അദ്ദേഹത്തിന്‍റെ എതിരാളികള്‍പോലും പിന്നീട് ശരിവയ്ക്കുന്നതും രാജ്യം കണ്ടു.