butterfly

TOPICS COVERED

ഇടുക്കിയിലെ പശ്ചിമഘട്ട മലനിരകളിലേക്ക് വിരുന്നെത്തി ദേശാടന ചിത്ര ശലഭങ്ങള്‍. തമിഴ്നാട് ചുരം താണ്ടിയാണ് ചിത്ര ശലഭങ്ങളുടെ പലായനം. കൂട്ടമായി ആയിരക്കണക്കിന് ചിത്ര ശലഭങ്ങള്‍ പറന്നിറങ്ങുന്ന കാഴ്ച കണ്ണിനും മനസിനും ആനന്ദം പകരുകയാണ്.

 

ദേശാടന ശലഭങ്ങള്‍ വിരുന്നെത്തുന്ന മനോഹരമായൊരു കാലത്തെ അഭിമുഖികരിക്കുകയാണ് ഹൈറേഞ്ചിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒറ്റയായും കൂട്ടമായും ശലഭങ്ങള്‍ പറന്നിറങ്ങുകയാണ്. ഡാര്‍ക്ക് ബ്ലൂ ടൈഗര്‍, ബ്ലൂ ടൈഗര്‍, കോമണ്‍ ക്രോ, പേള്‍ ടൈഗര്‍ എന്നി ശലഭങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്ത് പശ്ചിമഘട്ടത്തിലേക്കെത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും ചിത്രശലഭങ്ങളെ നിരീക്ഷിച്ച് വരികയാണ്

ശൈത്യ കാലത്ത് മറ്റ് രാജ്യങ്ങളില്‍ നിന്നും കിലോമിറ്ററുകള്‍ താണ്ടിയാണ് ദേശാടന ശലഭങ്ങളുടെ പ്രയാണം. പശ്ചിമഘട്ടത്തില്‍ ഇതുവരെ പലായനം ചെയ്യുന്ന 44 ഇനം ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്.  ദേശാടനത്തിനിടെ  മരങ്ങളിലും ചെടികളിലും വിശ്രമിക്കുന്ന ശലഭങ്ങളെ കാണാന്‍ നിരവധിപ്പേരാണ് എത്തുന്നത്. ഒരാഴ്ച കൂടി ശലഭങ്ങള്‍ പശ്ചിമഘട്ടത്തില്‍ തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ശലഭങ്ങള്‍ തിരികെ മടങ്ങും. മടക്ക യാത്രയില്‍ പുതുതലമുറകളാവും തിരിച്ചെത്തുക.