ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിന് ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ ഇന്ന് ആരെങ്കിലും ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആരോപണങ്ങളുടെ നിജസ്ഥിതി എന്തുമാവട്ടെ, യഥാർത്ഥത്തിൽ ചർച്ചചെയ്യേണ്ടിയിരുന്നത് ആ കാര്യങ്ങളായിരുന്നില്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
കേരളത്തില്‍ ഇന്ന് എളുപ്പത്തില്‍ കബളിപ്പിക്കാന്‍ പറ്റുന്നത് ബുദ്ധിജീവികളെയും മാധ്യമങ്ങളെയുമാണ്. പ്രധാന പ്രതിപക്ഷവും മാധ്യമങ്ങളും എ. ഡി. ജി. പി യെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് വീറോടെ വാശിയോടെ വാദിച്ചത് അദ്ദേഹം രണ്ട് ആർ. എസ്. എസ് നേതാക്കളെ കണ്ടതിന്‍റെ പേരു പറഞ്ഞാണെന്നം സുരേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു
ആർ. എസ്. എസ് ഒരു നിരോധിതസംഘടനയോ ഭീകരവാദ സംഘടനയോ ആണോ? ആർ. എസ്. എസ് നേതാക്കളെ ഈ നാട്ടിൽ ആരെല്ലാം കാണുന്നുണ്ട്. ആർ. എസ്. എസിന്‍റെ പ്രവർത്തനം തന്നെ നിരന്തരസമ്പർക്കം എന്ന പ്രഖ്യാപിത മാർഗ്ഗത്തിലൂടെയാണ് കഴിഞ്ഞ നൂറു വർഷവും മുന്നോട്ടുപോയത്. ഇനിയും അതങ്ങനെത്തന്നെ ആയിരിക്കും.
ആർ.എസ്.എസ് ജമാഅത്തെ ഇസ്ളാമിക്കാരെയും സമ്പർക്കം ചെയ്തിട്ടുണ്ട്. അടിയന്തിരാവസ്ഥാ കാലത്ത്. ആർ. എസ്. എസ് സർസംഘചാലക് ഇന്ത്യയിലെ ഏതാണ്ട് എല്ലാ മതമേലധ്യക്ഷൻമാരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സിവിൽ സർവ്വീസിലും പൊതുരംഗത്തുമുള്ള ആയിരങ്ങളെ ഓരോ നിമിഷവും രാജ്യത്ത് ആർ.എസ്.എസ് നേതാക്കൾ കാണുന്നു.
കേരളത്തിൽ ഏത് പ്രശ്നവും ചർച്ച ചെയ്യുന്നത് പൊളിറ്റിക്കൽ ഇസ്ളാമിന്‍റെ ആഗ്രഹത്തിനനുസരിച്ചുമാത്രമാണെന്നുള്ളതാണ് സത്യം. അതിൽ രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും വീണുപോവുന്നു എന്നതാണ് കാര്യം. ഇ. പി. യുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പ്രകാശ് ജാവ്ദേക്കറെ അഞ്ചുമിനിട്ട് കണ്ടു എന്ന മഹാ അപരാധമാണ് അദ്ദേഹത്തെ പദവിയിൽനിന്നൊഴിവാക്കാനുള കാരണമായി കേരളത്തിൽ വിലയിരുത്തപ്പെട്ടത്. അങ്ങനെ പറഞ്ഞാലേ പൊളിറ്റിക്കൽ ഇസ്ളാമിനെ സന്തോഷിപ്പിക്കാനാവൂ. ചർച്ചചെയ്യപ്പെടാതെ പോവുന്നത് മൂർത്തമായ പ്രശ്നങ്ങളെന്ന് ആരെങ്കിലും ഓർമ്മിക്കുന്നുണ്ടോ?. അദ്ദേഹം കുറിച്ചു.