ഇരുപത് വര്‍ഷംനീണ്ട പൊലീസ് ജീവിതം ആഘോഷമാക്കി കൊച്ചിയില്‍ 2004 ബാച്ച് വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സംഗമം. മകള്‍ അമിഴ്തിനിയെ ഒക്കത്തിരുത്തിയാണ് ഉദ്ഘാടകയായ കോസ്റ്റല്‍ സെക്യൂരിറ്റി എഐജി ജി. പൂങ്കുഴലി വേദിയിലെത്തിയത്. അമിഴ്തനിയെന്നാല്‍ ആനന്ദം എന്നര്‍ഥം.
വനിത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിത വിജയത്തിന് മക്കളുടെയും കുടുംബത്തിന്‍റെയും പിന്തുണ പരമപ്രധാനമാണെന്ന് പൂങ്കുഴലി പറഞ്ഞു. തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ഞായറാഴ്ചകളുടെ പ്രാധാന്യം ഓര്‍മപ്പെടുത്തിയായിരുന്നു പൂങ്കുഴലിയുടെ പ്രസംഗം .
2004ൽ തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നു പാസ് ഔട്ടായ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടിയത്. പല ജില്ലകളിലുള്ളവര്‍ പലപ്പോഴായി കൂട്ടുകൂടിയിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തില്‍ ഒരു സമ്മേളനം ഇതാദ്യം. ഔദ്യോഗിക ജീവിതത്തിലെ ടെന്‍ഷനും കടുംപിടുത്തവും യൂണിഫോമും മാറ്റിവെച്ച് കളിചിരിമേളമായി ഒരു ഒത്തുകൂടല്‍. കേക്ക് മുറിച്ച് മധുരംപങ്കിട്ടും സെല്‍ഫിയെടുത്തും അഴകോടെ ഇരുപത് എല്ലാവരും ചേര്‍ന്ന് കളറായി.
കൊച്ചി ഡിസിപി കെ.എസ്.സുദർശൻ, സാമ്പത്തിക കുറ്റകൃത്യ വിഭാഗം കൊച്ചി യൂണിറ്റ് എസ്പി കെ.ഇ.ബൈജു, എറണാകുളം എസിപി പി.രാജ്കുമാർ എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.