Image Credit ; Facebook

Image Credit ; Facebook

ഹരിയാന വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ കോണ്‍ഗ്രസ് കുതിച്ചതോടെ, വിജയം ഉറപ്പാണെന്ന് കരുതി ഫെയ്സ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്  സമൂഹമനാധ്യമങ്ങളില്‍ പൊങ്കാല. തുടങ്ങീട്ടെയൊള്ളൂ എന്ന ക്യാപ്ഷനോടെ രാഹുൽ ​ഗാന്ധി ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അന്‍പതിനുമേല്‍ സീറ്റുകളുറപ്പിച്ച് ഹരിയാനയില്‍ ബിജെപി മൂന്നാംവട്ടവും അധികാരത്തിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റിന് താഴെ ട്രോൾ കമന്‍റുകള്‍ വന്നുതുടങ്ങിയത്.

'എന്തു തുടങ്ങീട്ടും കാര്യമില്ല.. ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചു കൊണ്ടുവന്നാൽ അധികാരം.... ഇല്ലെങ്കിൽ ഗോവിന്ദ...ആവശ്യമില്ലാത്ത പണി എടുത്തു വച്ചു അതിപ്പൊ തിരിഞ്ഞു കൊത്തുന്നു.... അനുഭവിക്കുക' - ഇങ്ങനെയാണ് ഷാറൂണിന്‍റെ കമന്‍റ്. 

'കുറച്ച് കൂടി നേരത്തെ തുടങ്ങികൂടാർന്നോ, എന്നാ ഇപ്പൊ തെക്കോട്ട് എടുക്കാർന്നു, എഐസിസി ആസ്ഥാനത്തെ ലഡു വിതരണവും, ആഘോഷവും തൽക്കാലം നിർത്തി വെച്ചതായി അറിയിക്കുന്നു, അല്പം കാത്തിരിക്കാമായിരുന്നു പോസ്റ്റിടാൻ, രാഹുൽ മാങ്കൂട്ടം പോസ്റ്റ് ഡിലീറ്റ് ചെയ്യ്, അതാനല്ലത്, തുടങ്ങി.. എന്നിട്ടു പെട്ടന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്നു. സാരമില്ല. ഇനി 5 വർഷം കഴിഞ്ഞിട്ട് ഒന്നുകൂടി തുടങ്ങാം' എന്നിങ്ങനെ പോകുന്നു ട്രോൾ കമന്‍റു 

പതിവുപോലെ ജാട്ട് മേഖലകളിലെ സ്വാധീനമാണ് ബിജെപിയെ ഈ തിരഞ്ഞെടുപ്പിലും തുണച്ചത്. ഒപ്പം നഗരമേഖലകളിലും സ്വാധീനം നിലനിര്‍ത്താന്‍ ബിജെപിക്കായി. എക്സിറ്റ് പോള്‍ വിജയം പ്രവചിച്ച കോണ്‍ഗ്രസ് ഹരിയാനയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടത്തില്‍ അന്‍പതിലേറെ സീറ്റുകളില്‍ മുന്നേറി കോണ്‍ഗ്രസ് പ്രതീക്ഷ നിലനിര്‍ത്തി. ഐഐസിസി ആസ്ഥാനത്തടക്കം ആഘോഷങ്ങള്‍ തുടങ്ങുകയും ചെയ്തു. 

തുടക്കത്തില്‍ പിന്നില്‍ പോയ ബിജെപി അഞ്ചും ആറും റൗണ്ടുകളിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍ ലീഡ് നില മെച്ചപ്പെടുത്തി. ഒരുഘട്ടത്തില്‍ നാല്‍പത്തൊന്നു സീറ്റുകളില്‍ ലീഡ് നേടി കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്നു. അതുവരെ പ്രതീക്ഷ നിലനിര്‍ത്തിയ കോണ്‍ഗ്രസിന് പക്ഷേ പിന്നെ തിരിച്ചുകയറാനായില്ല. നില മെച്ചപ്പെടുത്തിയ ബിജെപി ലീഡ് അന്‍പത് സീറ്റുകള്‍ക്ക് മുകളിലേക്ക് ഉയര്‍ത്തി. കോണ്‍ഗ്രസ് 35ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 

സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭുപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഏറെ നേരം പിന്നില്‍ നിന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത് പരാജയത്തിലും കോണ്‍ഗ്രസിന് ആശ്വാസമായി. 

ENGLISH SUMMARY:

Haryana elections ; Rahul Mamkootathil facebook post Comments with trolls