Image Credit; Facebook

പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് സിനിമാതാരവും ട്രാന്‍സ്ജെന്‍ഡര്‍ മോഡലുമായ അഞ്ജലി അമീര്‍. വാക്കിനു വില ഉള്ളവരെ മാത്രമേ പ്രണയിക്കാവൂ എന്ന് തുടങ്ങുന്ന കുറിപ്പാണ്  റാസിന്‍ എന്ന സുഹൃത്തിനെ ലക്ഷ്യമിട്ട് അവർ പങ്കുവച്ചിരിക്കുന്നത്. കള്ളും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരമാണെന്നും, പക്ഷെ അതുപയോഗിച്ചു മറ്റുള്ളവരെ കെണിയിൽ പെടുത്തുന്നതും ചതിക്കുന്നതും ശെരിയല്ലെന്നും അഞ്ജലി കുറിച്ചു.

'സൗദിയിൽ എവിടെയാ കള്ളു കിട്ടുന്നതെന്ന് ചോദിച്ചപ്പോൾ ഞാൻ വാറ്റിയതാണെന്ന് പറഞ്ഞ് അന്തസ്സ് കാണിക്കുന്നവന്റെ തൊട്ടിത്തരം അന്നെനിക്ക് മനസ്സിലായില്ല. അതിന്റെ കിക്ക് തീർന്നാൽ ഒന്നും ഓർമ്മയും ഉണ്ടാവില്ല. കള്ളും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരമാണ്. പക്ഷേ അതുപയോ​ഗിച്ച് മറ്റുള്ളവരെ കെണിയിൽ പെടുത്തുന്നതും ചതിക്കുന്നതും അതിന്റെ കിക്ക് പോയാൽ ഓർമ്മയില്ലാത്ത പൊട്ടനായി അഭിനയിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. കാരണം ഇതിലൊക്കെ  ഇരയായി മനസ്സു നഷ്ട‌പ്പെട്ടതും കണ്ണീർ ഒഴുക്കുന്നതും ഞാനാ. മോൻ്റെ എല്ലാ താന്തോന്നിത്തരത്തിനും വളം വെച്ചു കൊടുക്കുന്ന വീട്ടുകാരെ...  കുറച്ചെങ്കിലും ഉളുപ്പും നീതിയും എന്നോട് കാണിക്കുക' - അഞ്ജലി അമീര്‍ കുറിച്ചു. 

ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്ത് തന്നെ ചതിച്ചുവെന്നും ഒരു പ്രശ്നം വന്നപ്പോള്‍ തള്ളിപ്പറഞ്ഞുവെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസവും അഞ്ജലി രം​ഗത്തെത്തിയിരുന്നു. ഈ ബന്ധം മറ്റാരും അംഗീകരിക്കില്ലെന്ന് പറഞ്ഞപ്പോള്‍ കൂടെ നിന്ന് പ്രചോദനം തന്ന സുഹൃത്ത് ഇപ്പോള്‍ സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ഒളിച്ചോടുകയാണെന്നാണ് താരത്തിന്റെ ആരോപണം. 

തള്ളിപ്പറഞ്ഞെങ്കിലും തിരിച്ചുവന്നാല്‍ ഇനിയും സുഹൃത്തിനെ വിശ്വസിക്കും. അത് വിഡ്ഢിയായതുകൊണ്ടല്ല, മറിച്ച് ഇഷ്ടം കൊണ്ടാണെന്നും അഞ്ജലി പറയുന്നു. 2016ല്‍ മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമയിലെത്തിയത്. ഇരുപതാം വയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീ ആയി മാറുകയായിരുന്നു. 

ENGLISH SUMMARY:

Anjali Ameer facebook post about love Failure