TOPICS COVERED

വിജയദശമി ദിനത്തില്‍ മലയാള മനോരമയുടെ അക്ഷരപ്പൂമുഖത്ത് വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യൂണിറ്റുകളില്‍ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ കുട്ടികള്‍ക്ക് അക്ഷരവാതില്‍ തുറന്നു.

കോട്ടയത്ത് മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു കൈമാറിയ ദീപം ഗുരുക്കന്‍മാര്‍ വിളക്കിലേക്ക് പകര്‍ന്നതോടെ വിദ്യാരംഭത്തിന് തുടക്കമായി. വിവിധ മേഖലകളിലെ പ്രമുഖര്‍ ഓരോ യൂണിറ്റിലും ആചാര്യന്‍മാരായി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലായി ആയിരങ്ങള്‍ വിദ്യാരംഭം കുറിച്ചു. തിരുവനന്തപുരത്ത് മെറിന്‍ ജോസഫ് ഐപിഎസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ കൊണ്ട് മകനെ അക്ഷരലോകത്തേക്ക് നയിച്ചു. 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ യൂണിറ്റുകളിലും നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. മലപ്പുറം യൂണിറ്റ് തുടങ്ങിയപ്പോള്‍ ആദ്യാക്ഷരം കുറിച്ചകുഞ്ഞ്,  തന്‍റെ കുഞ്ഞുമായി എത്തിയത് കൗതുകമായി. മഞ്ചേരി സ്വദേശിയായ അഞ്ജലിയും മകളുമാണ് എത്തിയത്. 

കേരളത്തിന് പുറത്ത് ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി യൂണിറ്റുകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ചെന്നൈ യൂണിറ്റില്‍ ഗായിക ചിത്രയുടെ സരസ്വതി സ്തുതിയോടെ തുടക്കമായി. പ്രവാസികള്‍ക്കായി ദുബായി യൂണിറ്റിലും വിദ്യാരംഭം ചടങ്ങ് ഒരുക്കിയിരുന്നു. കൈനിറയെ സമ്മാനങ്ങളും നേടിയാണ് കുട്ടികള്‍ മടങ്ങിയത്. എഴുത്തിനിരുന്ന  കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ENGLISH SUMMARY:

Children wrote their initials in a function conducted by Malayalam Manorama on Vijayadashami day