TOPICS COVERED

വിജയദശമി ദിനത്തില്‍ വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്. ഭാഷാപിതാവിന്‍റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണമൂകാംബികയായ കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലും ആയിരക്കണക്കിനു കുട്ടികൾ അറിവിന്‍റെ ആദ്യാനുഭവം നുകർന്നു. ഐരാണിമുട്ടത്തെ തുഞ്ചൻ സ്മാരകത്തിലും പൂജപ്പുര സരസ്വതി മണ്ഡപത്തിലും കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

മലപ്പുറം തിരൂർ തുഞ്ചൻ പറമ്പിൽ കൃഷ്ണശിലാമണ്ഡപത്തിലും സരസ്വതീ മണ്ഡപത്തിലുമാണ് വിദ്യാരംഭച്ചടങ്ങുകള്‍ നടന്നത്. കൃഷ്ണശിലാ മണ്ഡപത്തിൽ പരമ്പരാഗത എഴുത്താശാൻമാരും സരസ്വതീ മണ്ഡപത്തിൽ സാഹിത്യകാരൻമാരുമാണ്  കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. 

സംഗീതം, നൃത്തം, ചിത്രകല എന്നിവയിലും പ്രമുഖരുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. കുരുന്നുകള്‍ കരയാതെ ആവേശത്തോടെ ചിത്രകലകളില്‍ ഹരിശ്രീകുറിച്ചു. തെളിമയാര്‍ന്ന ചിത്രങ്ങള്‍പോലെ പുഞ്ചിരി തൂകി കുരുന്നുകള്‍ കലാകവാടം കടന്നു.

കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ കുരുന്നുകൾക്കൊപ്പം  മുതിര്‍ന്നവരും വാഗ്ദേവതയുടെ കടാക്ഷം തേടിയെത്തി.  എറണാകുളം വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രത്തിലും ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും  ആയിരക്കണക്കിനു കുരുന്നുകൾ അറിവിന്റെ ആദ്യപടി കയറി.  പൂജപ്പുര സരസ്വതി മണ്ഡപത്തിലും വിപുലമായ ചടങ്ങുകള്‍ നടന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അദ്യാക്ഷരം കുറിച്ചു. 

ENGLISH SUMMARY:

Children wrote their initials on Vijayadashami day